അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. ദ ഫോര്‍ത്തിനോടാണ് ബ്ലെസി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത്.
സംവിധായകന്‍ ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചത് എന്നുമായിരുന്നു ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബോബി ചെമ്മണ്ണൂര്‍ തന്നോട് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും അത് ചെയ്യാമെന്നോ ചെയ്യില്ലെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാണ് ബ്ലെസി പറയുന്നത്.
ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ അബ്ദുല്‍ റഹീമിന്റെ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഈ സംഭവം എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചാണ് മനസിലാക്കിയത്. തിരക്കില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്. എന്നാല്‍ സിനിമയെ കുറിച്ച് ദീര്‍ഘമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
ഒരേ രീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ബ്ലെസി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു.
തുടര്‍ന്ന് ധനസമാഹരണത്തിനായി ബോബി ചെമ്മണ്ണൂര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. അബ്ദുല്‍ റഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി വാഗ്ദാനം നല്‍കിയിരുന്നു. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്റോയ്സ് കാറിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.
2006ല്‍ 26-ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകനെ പരിചരിക്കുന്ന ജോലിയാണ് റഹീം ചെയ്തിരുന്നത്. ഈ കുട്ടിക്ക് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു.
കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് കുട്ടിയെ കാറില്‍ കൊണ്ടു പോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരിക്കുകയുമായിരുന്നു.