എന്റെ പേരും തൊപ്പിയുമാണ് അവരുടെ പ്രശ്‌നം; വിമാനത്താവളത്തില്‍ നിന്ന് നേരിട്ടത്, ദുരനുഭവം പങ്കുവെച്ച് നടി

കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ വിവേചനം നേരിട്ടുവെന്ന് ചലച്ചിത്ര താരം സനം ഷെട്ടി. ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച മറ്റ് രണ്ട് ഇസ്ലാം സമുദായത്തില്‍പ്പെട്ടവരെയും മാത്രം കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് നടിയുടെ ആരോപണം.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഈ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.തന്റെ പേരും അവര്‍ ധരിച്ചിരുന്ന തൊപ്പിയുമാണ് വിവേചനത്തിന് കാരണമെന്ന് സംശയിക്കുന്നതായി നടി അഭിപ്രായപ്പെട്ടു. ‘190 യാത്രക്കാരില്‍ ഞങ്ങള്‍ മൂന്ന് പേരുടെ ലഗേജുകള്‍ മാത്രമാണ് പരിശോധിച്ചത്.

എന്റെ പേരും മറ്റ് രണ്ട് പേരുടെ പ്രത്യേക വസ്ത്രധാരണവുമാണ് സംശയം സൃഷ്ടിച്ചത്. സംഭവത്തില്‍ ഞാന്‍ മാനസികമായി ഏറെ അസ്വസ്ഥ ആയിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഇത് വിവേചനമായിരുന്നു’, സനം ഷെട്ടി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

Read more

മറ്റ് യാത്രക്കാരെ എന്തുകൊണ്ടാണ് പരിശോധിക്കാത്തതെന്ന തന്റെ ചോദ്യത്തിന് അവര്‍ക്ക് മറുപടി ഇല്ലായിരുന്നുവെന്നും സനം ഷെട്ടി പറഞ്ഞു. മതത്തിന്റെ പേരിലുളള ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും നടി ആവശ്യപ്പെട്ടു.