എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രമേശ് നാരായണനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.
ഇപ്പോഴിതാ രമേശ് നാരായണനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. രമേശ് നാരായണൻ പറഞ്ഞ മാപ്പ് അദ്ദേഹത്തിന്റെ മനസിൽ നിന്നും വന്നതാണെന്ന് തോന്നുന്നില്ലെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകുമെന്നും, പക്ഷേ അത് മാധ്യമങ്ങളോടോ മറ്റു വ്യക്തികളോടോ പ്രകടിപ്പിക്കരുതെന്നും ധ്യാൻ പറയുന്നു.
“എന്തുകൊണ്ടാണത് ചെയ്തത് എന്ന് എനിക്കറിയില്ല. രമേഷ് നാരായണന്‍ മുതിര്‍ന്ന സംഗീത സംവിധായകന്‍, ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണ്. സംഘാടനത്തില്‍ തന്നെ എനിക്ക് പാളിച്ച തോന്നി. വേദിയില്‍ വച്ച് പുരസ്‌കാരം നല്‍കാത്തതില്‍ രമേഷ് നാരായണന്‍ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ല എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കില്‍ കൂടി നമ്മള്‍ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ അവസ്ഥയിലൂടെ കൊണ്ടുപോകാന്‍ പാടുണ്ടോ.
വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാധ്യമങ്ങളോടോ മറ്റു വ്യക്തികളോടോ പ്രകടിപ്പിക്കരുത്. അതൊന്നും പൊതുവേദിയില്‍ ചെയ്തുകൂടാ. രമേഷ് നാരായണന്‍ തോളില്‍ തട്ടി എന്നാണ് പറയുന്നത്. അത് കള്ളമല്ലേ, വിവാദമായ ശേഷം മാപ്പ് പറഞ്ഞു. ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മാപ്പ് പറഞ്ഞാലും അത് അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് വന്നതാണെന്ന് എനിക്ക് തോന്നിയില്ല. ആസിഫ് ചെറിയ ചിരിയിലൂടെ വിഷമം ഒതുക്കി.” എന്നാണ് ധ്യാൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞത്.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ ഓണത്തിനാണ് സീ 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനമായ ഇന്നലെ പുറത്തുവിട്ടു. കമൽ ഹാസനാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.