ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും, ഏട്ടന്‍ എന്നെ ഡിഫെയിം ചെയ്യുകയാണ്: ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖങ്ങളില്‍ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന് അടുത്തിടെ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ധ്യാന്‍ ഇപ്പോള്‍. താന്‍ പറയുന്ന കഥകള്‍ കള്ളമാണെന്ന് പറഞ്ഞ് ചേട്ടന്‍ തന്നെ ഡിഫെയിം ചെയ്യുകയാണ്. താന്‍ കേസ് കൊടുക്കും എന്നാണ് ധ്യാന്‍ പറയുന്നത്.

”ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യൂ എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം. ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍.”

”ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും. ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോ എന്ന്.”

”അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ” എന്നാണ് ധ്യാന്‍ പറയുന്നത്. ‘വീകം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ സംസാരിച്ചത്. സാഗര്‍ സംവിധാനം ചെയ്യുന്ന വീകത്തില്‍ ഷീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ് എന്നിവരും വേഷമിടുന്നുണ്ട്.

Read more

അതേസമയം, നിരവധി സിനിമകളാണ് ധ്യാന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’, ‘ഹിഗ്വിറ്റ’, ‘പാതിരാ കുര്‍ബാന’, ‘അടുക്കള’, ‘ത്രയം’, ‘ആപ് കൈസേ ഹോ’ എന്നീ സിനിമകളാണ് ഒരുങ്ങുന്നത്. ഇതിന് പുറമെ ധ്യാന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘9 എംഎം’ എന്ന സിനിമയും ഒരുങ്ങുന്നുണ്ട്.