'ആ കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയൂ, 150 കിലോമീറ്റര്‍ സ്പീഡില്‍ വരെ അത് അദ്ദേഹം ഓടിച്ചു'; തുറന്നു പറഞ്ഞ് സിഐഡി മൂസയുടെ ക്യാമറാമാന്‍

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ചിത്രമാണ് സിഐഡി മൂസ. പ്രായഭേദമന്യേ എല്ലാവരെയും ചിരിപ്പിച്ച ചിത്രം ജോണി ആന്റണിയാണ് ഒരുക്കിയത്. ചിത്രത്തിലെ ഒരുപാട് പ്രത്യേകതകളുള്ള ആറും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ക്ലൈമാക്‌സ് രംഗത്തിലെ റേസിംഗ് രംഗമൊക്കെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ആസ്വദിച്ചത്. ആ കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയുള്ളു എന്നാണ് ചിത്രത്തിന്റ ക്യാമറാമനായിരുന്ന സാലു ജോര്‍ജ് പറയുന്നത്.

“എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്‌സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ 100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ സാലു ജോര്‍ജ് പറഞ്ഞു.

2003 ജൂലൈയില്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, ഭാവന, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.