രാജു കുളിച്ചിട്ടും രണ്ട് ദിവത്തോളം കാരവനില്‍ മത്തിക്കറിയുടെ മണമുണ്ടായിരുന്നു; 'പാമ്പ് ജോയ്' വീണ്ടും, വെളിപ്പെടുത്തി ജി. മാര്‍ത്താണ്ഡന്‍

വീണ്ടും ‘പാമ്പ് ജോയ്’ ആകാന്‍ ഒരുങ്ങി പൃഥ്വിരാജ്. 2016ല്‍ എത്തിയ ഹിറ്റ് ചിത്രം ‘പാവാട’യുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍. സഹസംവിധായകനായി കരിയര്‍ തുടങ്ങിയ മാര്‍ത്താണ്ഡന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു പാവാട.

ചിത്രത്തിലെ പ്രധാന സീനുകളില്‍ ഒന്നിനെ കുറിച്ച് പറയുന്നതിനൊപ്പമാണ് രണ്ടാം ഭാഗത്തെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തിയത്. പൃഥ്വിരാജിന്റെ തലയില്‍ മിയ മീന്‍ച്ചട്ടി കൊണ്ട് അടിക്കുന്ന തിയേറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഈ രംഗത്തെ കുറിച്ചാണ് മാര്‍ത്താണ്ഡന്‍ സംസാരിച്ചത്.

”മിയക്കും എനിക്കും ഒരു പോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചട്ടിയൊക്കെ ഡമ്മി ഉണ്ടാക്കി. ഒറിജിനല്‍ മീന്‍കറി തന്നെ വേണമെന്ന് രാജുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ ഡമ്മി വെക്കാമെന്ന് പറഞ്ഞപ്പോള്‍, ഒറിജിനല്‍ മീന്‍ കറി ആണെങ്കിലെ ആ ഫീല്‍ കിട്ടു എന്നാണ് രാജു പറഞ്ഞത്.”

Read more

”ഷൂട്ടിന് ശേഷം രാജു പോയി കുളിച്ചിട്ടും രണ്ട് ദിവത്തോളം കാരവനില്‍ മത്തിക്കറിയുടെ മണമുണ്ടായിരുന്നു” എന്നാണ് മാര്‍ത്താണ്ഡന്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പാവാടയ്ക്ക് സെക്കന്‍ഡ് പാര്‍ട്ട് അടിപ്പാവാട എന്നൊക്കെ പലരും ട്രോളുന്നുണ്ടെങ്കിലും പാമ്പ് ജോയ് എന്ന കഥാപാത്രത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനെന്നും മാര്‍ത്തണ്ഡന്‍ പറഞ്ഞു.