ശുഭരാത്രി കണ്ണും മനസ്സും നിറയ്ക്കുന്ന ഒരു സിനിമാനുഭവം; സംവിധായകന്‍ എം. പദ്മകുമാര്‍

വ്യാസന്‍ കെ.പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ ശുഭരാത്രിയ്ക്ക് സിനിമാലോകത്ത് നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഉള്ളില്‍ തട്ടുന്ന സിനിമയെന്നാണ് ശുഭരാത്രിയെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ അതിന് പിന്നാലെ പ്രശസ്ത സംവിധായകന്‍ എം പദ്മകുമാറും സിനിമയെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കണ്ണും മനസ്സും നിറക്കുന്ന ഒരു സിനിമാനുഭവം ആണ് ശുഭരാത്രി എന്നാണ് എം. പദ്മകുമാര്‍ പറയുന്നത്. അദ്ദേഹം ശുഭരാത്രിയെ കുറിച്ച് പറയുന്നതിങ്ങനെ, ” ഒരു കലാസൃഷ്ടിക്ക് നമ്മുടെ കണ്ണു നിറയിക്കാനാവുന്നത് എപ്പോഴാണ്? ഒന്നുകില്‍ ദുരന്തത്തിന്റെ ഉള്ളുലയ്ക്കുന്ന നേര്‍ക്കാഴ്ച. അതല്ലെങ്കില്‍ നിസ്സീമമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ആഴം. ആദ്യത്തേത് എത്രയും പെട്ടന്ന് നമ്മള്‍ മറക്കാനാഗ്രഹിക്കുമെങ്കില്‍ രണ്ടാമത്തെ അനുഭവം കാലങ്ങളോളം നമ്മുടെ മനസ്സില്‍ അലയടിച്ചു കൊണ്ടേയിരിക്കും. അത്തരം ഒരനുഭവം. ഈ കണ്ണും മനസ്സും എന്നെന്നും ഇങ്ങനെ നിറഞ്ഞിരിക്കട്ടെ എന്നു നമ്മളാഗ്രഹിച്ചു പോകുന്ന ഈ അനുഭവം സമ്മാനിച്ച സിനിമയാണ് ശുഭരാത്രി.

ഇന്നത്തെ കാലം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന സിനിമ. അത്തരം ഒരു കല സൃഷ്ടിക്കാനായി എന്നതില്‍ കവിഞ്ഞ് വ്യാസന്‍ എന്ന കഥാകാരന്‍ കൂടിയായ സംവിധായകനും നിര്‍മ്മാതാക്കളായ അരോമ മോഹനും എബ്രഹാം മാത്യുവിനും മറ്റെന്ത് അഭിമാനിക്കണം. നന്മയുടെ തിരുമുറ്റത്ത് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ സിദ്ദിഖിനും ദിലീപിനും ഛായാഗ്രാഹകനായ ആല്‍ബിക്കും സംഗീതം കൊണ്ട് ഹൃദയത്തെ ആര്‍ദ്രമാക്കിയ ബിജിക്കും ബാക്കി എല്ലാ മുന്നണി പിന്നണി പ്രവര്‍ത്തകര്‍ക്കും സ്നേഹം മാത്രമേയുള്ളു ആശംസിക്കാന്‍””.

Read more

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. സംവിധായകന്‍ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം അരോമ മോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപും, സിദ്ദിഖും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാവേഷം അവതരിപ്പിച്ചിരിക്കുന്നത് അനു സിത്താര ആണ്.