പലരും യൂട്യൂബില്‍ ഹിന്ദി വേര്‍ഷന്‍ കണ്ട് അഭിപ്രായം പറഞ്ഞപ്പോഴാണ് സിനിമയുടെ പോരായ്മ മനസിലായത്: സിദ്ദിഖ്

സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിനിമ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. സിനിമ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സിനിമയുടെ ഹിന്ദി വേര്‍ഷന് നല്ല അഭിപ്രായം ലഭിച്ചപ്പോഴാണ് കാരണം മനസിലായത് എന്ന് സംവിധായകന്‍ പറയുന്നു.

കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും ഇഷ്ടപ്പെട്ടിരുന്നു. കഥയില്‍ ഹീറോയിസം നിലനിര്‍ത്തിയിരുന്നു. തന്റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു അത്. തന്റെ കമ്പനിക്ക് സാമ്പത്തിക നഷ്ടം വരെയുണ്ടായ സിനിമയാണ്. എന്താണ് ഈ സിനിമയ്ക്ക് സംഭവിച്ചതെന്ന് പിന്നീട് താന്‍ പരിശോധിച്ചു.

ഹിന്ദിയിലേക്ക് ഈ സിനിമ ഡബ്ബ് ചെയ്തപ്പോള്‍ അവിടെയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു. യൂട്യൂബില്‍ കണ്ട് അഭിനന്ദനം പറഞ്ഞു. അപ്പോഴാണ് തനിക്ക് സിനിമയുടെ യഥാര്‍ത്ഥ പോരായ്മ മനസ്സിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന തരത്തിലാണ് പ്രേക്ഷകര്‍ ഈ സിനിമയെ കണ്ടത്.

ശരിക്ക് ഈ കഥ നടക്കുന്നത് ബംഗ്ലൂരില്‍ ആണ്. പക്ഷെ ഷൂട്ട് ചെയ്തത് ഭൂരിഭാഗവും കേരളത്തിലാണ്. ഇത് കേരളത്തിന് പുറത്ത് നടക്കുന്ന കഥയാണെന്ന് ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതായി. ഒരു അവിശ്വസനീയത കഥയില്‍ ഉടനീളം വന്നു. മുഴുവനും കര്‍ണാടകയില്‍ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു.

എങ്കില്‍ അതൊരു പരാജയ ചിത്രമാവില്ലായിരുന്നു. കാരണം അത്യാവശ്യം എല്ലാ ചേരുവകളും ഉള്ള സിനിമ ആയിരുന്നു. കുറച്ചു കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ സാമ്പത്തിക നഷ്ടം വരുത്തുന്ന സിനിമ ആവില്ലായിരുന്നു എന്നാണ് സിദ്ദിഖ് സഫാരി ടിവിയില്‍ പറയുന്നത്.