ഹേമ കമ്മീഷനിലെ പ്രധാനപ്പെട്ട പല വിഷയങ്ങളും പുറത്തുവരാൻ അനുവദിക്കില്ല; എന്തിനാണ് അത് നാലര വർഷം പൂഴ്ത്തിവെച്ചത്; പ്രതികരണവുമായി ഡോ ബിജു

ഹേമ കമ്മീഷൻ റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ചത് എന്തിനാണെന്ന ചോദ്യവുമായി സംവിധായകൻ ഡോ. ബിജു. ഇനി വിവരാവകാശ കമ്മീഷന്റെ ഉത്തരവനുസരിച്ച് കുറച്ച് ഭാഗമെങ്കിലും പുറത്തുവിടുമെങ്കിലും, റിപ്പോർട്ടിലെ പ്രധാനപ്പെട്ട പല വിഷയങ്ങളും ഒരിക്കലും പുറത്തു വരാൻ അതിന് പിന്നിലുള്ളവർ അനുവദിക്കില്ലെന്നാണ് ഡോ ബിജു പറയുന്നത്.

“ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് നാലര വർഷം ആയി എന്തിനാണ് പൂഴ്ത്തി വെച്ചത്? ആരെയൊക്കെ സംരക്ഷിക്കാൻ ആണ് അത് പുറത്തിറക്കാത്തത്? ഇപ്പോൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് അനുസരിച്ചു റിപ്പോർട്ടിന്റെ കുറെ ഭാഗം എങ്കിലും പുറത്തു വിടാൻ സർക്കാർ ചിലപ്പോൾ നിർബന്ധിതം ആയേക്കാം.

പക്ഷെ അപ്പോഴും അതിലെ കാതലായ പല ഭാഗങ്ങളും വിലക്കപ്പെട്ട വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നൊക്കെ ലേബൽ ചെയ്തു പൂഴ്ത്തിയ ശേഷം മാത്രം ആകും റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാനപ്പെട്ട പല വിഷയങ്ങളും ഒരിക്കലും പുറത്തു വരാൻ അനുവദിക്കില്ല. മൊത്തത്തിൽ ഒരു പ്രഹസനം എന്നതിനപ്പുറം മറ്റൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല.” എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഡോ. ബിജു പറയുന്നത്.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനായിരുന്നു ഹേമ കമ്മീഷൻ. റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. വിലക്കപ്പെട്ട വിവരമൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവിടുമ്പോൾ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷൻ പറഞ്ഞു.

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവ് വന്നതുകൊണ്ട് തന്നെ മലയാള സിനിമയിലെ പല പ്രമുഖരും വലയിലാവുമെന്ന കാര്യം ഉറപ്പാണ്.

സിനിമാ സെറ്റുകളിലെ ലൈംഗികാതിക്രമം തടയുന്നതിനും സ്ത്രീകൾക്കെതിരെയുള്ള മറ്റ് വിവേചനങ്ങൾ ഇല്ലാതെയാക്കുന്നതിനും വേണ്ടി സിനിമാ സെറ്റുകളിൽ ഇൻറ്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി (ICC) കൊണ്ടുവന്നതും, പ്രൊട്ടക്ഷൻ ഓഫ് വുമൺ ഫ്രം സെക്ഷ്വൽ ഹരാസ്മെന്റ് (PoSH) ആക്ട് കൊണ്ടുവന്നതും ഡബ്ലിയുസിസിയുടെ ഇടപെടൽ കൊണ്ടാണ് എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ട ഒന്നാണ്.