എംഎ ഭരതനാട്യം റാങ്ക് തിളക്കം; കടുത്ത മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയതെന്ന് ഡോ ആർഎൽവി രാമകൃഷ്ണൻ

കടുത്ത ജാതീയ അധിക്ഷേപങ്ങളും വംശീയതയും നേരിട്ട പ്രശസ്ത നർത്തകനും അധ്യാപകനുമായ ഡോ. ആർഎൽവി രാമകൃഷ്ണന് എംഎ ഭരതനാട്യം രണ്ടാം റാങ്ക്. ഇതോടെ നൃത്തത്തിൽ രണ്ട് എംഎ ഹോൾഡർ കൂടിയായിരിക്കുകയാണ് ഡോ. ആർഎൽവി രാമകൃഷ്ണൻ. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായ പ്രശ്നത്തിനിടയിലായിരുന്നു തന്റെ പരീക്ഷയെന്നും, വലിയ മാനസിക സംഘർശങ്ങൾ നേരിട്ടുകൊണ്ടാണ് അതിനെയെല്ലാം അഭിമുഖീകരിച്ചതെന്നും പറഞ്ഞ രാമകൃഷ്ണൻ, ഇതെല്ലാം നേടാൻ കഴിഞ്ഞത് അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹകൊണ്ടാണെന്നും കൂട്ടിചേർത്തു.

‘‘ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവകലാശാലയിൽ എംഎ ഭരതനാട്യം ഫുൾ ടൈം വിദ്യാർഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എംഎ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.

കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായി.’’ എന്നായിരുന്നു ഡോ. ആർഎൽവി രാമകൃഷ്ണൻ കുറിച്ചത്.

Read more