'ഇനിയും സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും' കാളിദാസിനെ കരയിപ്പിച്ച് ജയറാമിന്റെ വാക്കുകൾ; വൈറലായി എൻഗേജ്‌മെന്റ് വീഡിയോ !

നടൻ കാളിദാസ് ജയറാമിന്റെയും തരുണി കാളിയങ്കാറിന്റെയും എൻഗേജ്‌മെന്റ് വീഡിയോ വൈറലാകുന്നു. ആഴ്ചകൾക്ക് മുൻപ് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എൻഗേജ്‌മെന്റ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എൻഗേജ്‌മെന്റ് വിഡിയോയിൽ സംസാരിക്കുന്ന ജയറാമിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജയറാമിന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. ‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങൾ, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും എല്ലാ ദിവസവും ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. ചില തിയ്യതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി എന്നോട് ഇഷ്ടം പറഞ്ഞത്. അതിന് ശേഷം 1992 സെപ്റ്റംബര്‍ 7 അന്നാണ് ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നത്’

”1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു എനിക്ക് അശ്വതിയുടെ കൂടെ തന്നെ ഉണ്ടാവണം എന്നെ പുറത്തിരുത്തരുത് എന്ന്. അത് അനുവദീനിയമല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ അവളുടെ കൈ പിടിച്ചു തന്നെ ഇരിക്കുകയായിരുന്നു. കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. അവനാണ് കണ്ണന്‍’ ജയറാം പറയുന്നു.

’29 വര്‍ഷങ്ങള്‍ ആയി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും. ഹരിയ്ക്കും ആര്‍തിയ്ക്കും നന്ദി. ഇന്ന് മുതല്‍ എനിക്ക് രണ്ട് പെണ്‍മക്കളാണ്’ എന്ന് ജയറാം പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങി.


എന്‍ഗേജ്‌മെന്റിന്റെ വൻ ആഘോഷങ്ങളാണ് വീഡിയോയിൽ ശേഷം കാണിക്കുന്നത്. അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയവരെയും വീഡിയോയിൽ കാണാം. കാളിദാസിന്റെയും തരിണിയുടെയും പ്രണയ വാർത്തകൾ സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള തിരുവോണ ദിനത്തിലെ ഫോട്ടോ പുറത്തുവന്നതോടെയാണ് താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്.

Read more

കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.