ജോഷ്വ കാള്‍ട്ടന്‍ എന്ന ക്രിസ്ത്യന്‍ പാസ്റ്റര്‍ ആയി ഫഹദ് വേഷമിട്ട സിനിമയാണ് ‘ട്രാന്‍സ്’. 2020ല്‍ എത്തിയ ചിത്രം ശ്രദ്ധ നേടിയെങ്കിലും വലിയ വിജയമായിരുന്നില്ല. ട്രാന്‍സ് പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍.
ട്രാന്‍സ് ഇപ്പോഴാണ് പുറത്തിറങ്ങിയതെങ്കില്‍ വിജയിക്കുമായിരുന്നോ എന്ന ചോദ്യത്തോടാണ് ഫഹദ് പ്രതികരിച്ചത്. ”ട്രാന്‍സ് സിനിമയില്‍ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഇല്ലായിരുന്നു. ബോധവല്‍ക്കരണവും അതുപോലെയുളള കാര്യങ്ങളുമായിരുന്നു ചിത്രം സംസാരിച്ചത്.”
”കൂടാതെ ഒരു ഘട്ടമെത്തിയപ്പോള്‍ രസകരമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. അവിടെയാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. ട്രാന്‍സിന്റെ രണ്ടാം പകുതി തിരുത്തിയാല്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഇപ്പോള്‍ സിനിമകളിലൂടെ മതത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
”മതത്തെ കുറിച്ച് എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. എന്നിലൂടെ കഠിനമായ യാര്‍ഥ്യം ജനങ്ങള്‍ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് തങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങളാണ് വേണ്ടത്” എന്നാണ് ഫഹദ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചിരുന്നത്. ഗൗതം മേനോന്‍, ദിലീഷ് പോത്തന്‍, നസ്രിയ നസിം, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, വിനായകന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥപാത്രങ്ങളായത്.