സ്‌ക്രിപ്റ്റ് പറയുന്നത് നസ്രിയയോടും ഉമ്മയോടും, ഷാനുവിനോട് ഞാന്‍ ചര്‍ച്ച ചെയ്യാറില്ല, ടീസര്‍ കണ്ടാല്‍ അവന്‍ ചോദിക്കും: ഫര്‍ഹാന്‍ ഫാസില്‍

സിനിമയില്‍ ഹീറോ വേഷങ്ങള്‍ മാത്രം ചെയ്യണമെന്ന തന്റെ മോഹം ഇല്ലാതാക്കിയത് ഒരു സിനിമ പരാജയപ്പെട്ടതു കൊണ്ടാണെന്ന് നടന്‍ ഫര്‍ഹാന്‍ ഫാസില്‍. സഹോദരന്‍ ഫഹദ് ഫാസിലുമായോ പിതാവ് ഫാസിലുമായോ സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. താന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കാറുള്ളത് രണ്ട് വ്യക്തികളെ മാത്രമാണെന്നും ഫര്‍ഹാന്‍ പറയുന്നു.

താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കുന്നത് രണ്ടു പേരെയാണ്. ഒന്ന് നസ്രിയ, മറ്റൊന്ന് ഉമ്മ. വാപ്പയോടോ, ഷാനുവിനോടോ (ഫഹദ് ഫാസില്‍) തന്റെ സിനിമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. എന്തെങ്കിലും ടീസര്‍ ഒക്കെ ഷാനു കണ്ടാല്‍ അതിന്റെ കഥയൊക്കെ കുറിച്ചൊക്കെ ചോദിക്കും. അല്ലാതെ അഗാധമായ ഒരു സിനിമ ചര്‍ച്ച തങ്ങള്‍ തമ്മില്‍ ഇല്ല. തന്റെ സിനിമ കാര്യത്തില്‍ വാപ്പ (ഫാസില്‍) ഇടപെടാറില്ല.

ഷാനുവും അങ്ങനെയാണ്. തിരിച്ചും താന്‍ അവരുടെ സിനിമാ കാര്യങ്ങളിലും ഇടപെടാറില്ല. ഷാനു അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ ത്രെഡ് ഒക്കെ ചിലപ്പോള്‍ തന്നോട് പറയാറുണ്ട്. അതിനപ്പുറം ഒരു ഡീറ്റെയില്‍ ഡിസ്‌കഷന്‍ ഉണ്ടാകാറില്ല. താന്‍ നായകനായി അഭിനയിച്ച ബഷീറിന്റെ പ്രേമലേഖനം പരാജയപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് വലിയ ഒരു ഗ്യാപ് എടുക്കാന്‍ തീരുമാനിച്ചു.

പിന്നീട് തനിക്ക് സോളോ കഥാപാത്രങ്ങള്‍ ചെയ്യണമെന്നില്ലായിരുന്നു. നല്ലൊരു ടീമിനൊപ്പം സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ആസിഫ് അലി ലീഡ് റോള്‍ ചെയ്ത അണ്ടര്‍വേള്‍ഡ് എന്ന സിനിമയില്‍ അഭിനയിക്കുന്നത് എന്ന് ഫര്‍ഹാന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.