കാന്താര, കെജിഎഫ് പോലുള്ള സിനിമകൾ എങ്ങനെയെടുക്കണമെന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കുന്നില്ല; വിമർശനവുമായി രാം ഗോപാൽ വർമ്മ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഇപ്പോഴും അവിടെ ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ എന്ന സിനിമയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും, എന്നാൽ കാന്താര, കെജിഎഫ് എന്ന സിനിമകൾ എങ്ങനെയെടുക്കണമെന്ന് ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കുന്നില്ലെന്നും രാം ഗോപാൽ വർമ്മ കുറ്റപ്പെടുത്തി. കൂടാതെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേർക്കും മുഖ്യധാരാ സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നില്ലെന്നും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.

“ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമ്പ്രദായത്തോടു തന്നെ എനിക്ക് യോജിപ്പില്ല. ഒരു പ്രൊഫഷണൽ കോഴ്‌സ് എന്ന നിലയിലാണ് അവർ സിനിമയെ സമീപിക്കുന്നത്. ഒരിക്കലും ഫിലിം മേക്കിങിനെ ആ രീതിയിൽ ആർക്കും പഠിപ്പിക്കാൻ കഴിയില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേർക്കും മുഖ്യധാരാ സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടില്ല.

ഉദാഹരണത്തിന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ എടുക്കാം. അവിടെ പഠിച്ചിറങ്ങിയവരിൽ വിധു വിനോദ് ചോപ്, രാജ്‌കുമാർ ഹിരാനി പോലെ കുറച്ച് ആളുകൾ മാത്രമേ മുഖ്യധാരാ സിനിമകളുടെ ഭാഗമായിട്ടുള്ളൂ. അതുപോലെ അവിടെ പഠിപ്പിക്കുന്ന സിനിമകളുടെ കാര്യത്തിൽ ഒട്ടും അപ്ഡേഷൻ വന്നിട്ടില്ല. കാന്താരാ, കെ.ജി.എഫ് പോലുള്ള സിനിമകൾ എങ്ങനെയെടുക്കണമെന്ന് അവിടെ പഠിപ്പിക്കുന്നില്ല.

ഇന്നും ബാറ്റിൽഷിപ്പ് പൊട്ടംകിൻ പോലുള്ള പഴയകാല സിനിമകളെക്കുറിച്ച് മാത്രമേ പഠിപ്പിക്കുന്നുള്ളു. ഈയടുത്ത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച രണ്ട് കുട്ടികൾ എന്നെ കാണാൻ വന്നിരുന്നു. അവർ എന്നോട് ഫസ്റ്റ് ആക്ട്, സെക്കൻഡ് ആക്‌ട് പോലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഞാൻ അവരോട് അനിമൽ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അവർ പറഞ്ഞപ്പോൾ ഈ ഫസ്റ്റ് ആക്ട്, സെക്കൻഡ് ആക്ട് പോലുള്ള സംഗതി അനിമലിൽ എങ്ങനെയാണ് അപ്ലൈ ആകുന്നതെന്ന് ചോദിച്ചു. അവർക്ക് ഉത്തരമില്ലായിരുന്നു. ഇതൊക്കെയാണ് ഫിലിം സ്കൂളിന്റെ പരാജയം.” ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ്മ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളെ പറ്റി പറഞ്ഞത്.