പരുത്തിവീരൻ വിവാദം; അമീറിനോട് ക്ഷമാപണവുമായി ജ്ഞാനവേൽ രാജ

അമീർ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ‘പരുത്തിവീരൻ’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ ആരോപിച്ചിരുന്നു.

എന്നാൽ സംവിധായകൻ അമീറിനെ പിന്തുണച്ചും ജ്ഞാനവേലിനെ വലിയ രീതിയിൽ വിമർശിച്ചും നിരവധി ചലച്ചിത്ര പ്രവർത്തകരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ സംഭവത്തിൽ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ. ഇ. ജ്ഞാനവേൽ രാജ.

“അമീറിനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്. അടുത്തിടെ അമീർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചു. അദ്ദേഹത്തിനുള്ള മറുപടി പറയുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിൽ ആത്മാർത്ഥമായി വേദനിക്കുന്നു. എല്ലാവരേയും താങ്ങിനിർത്തുന്ന സിനിമാ വ്യവസായത്തോട് തനിക്ക് വലിയ ബഹുമാനമുണ്ട്.”
എന്നാണ് ജ്ഞാനവേൽ രാജ ക്ഷമാപണ കുറിപ്പിൽ പറയുന്നത്.

എന്നാൽ ജ്ഞാനവേൽ രാജയുടെ ക്ഷമാപണ കുറിപ്പിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ശശികുമാറും രം​ഗത്തെത്തിയിരുന്നു. ഇതെന്ത് ക്ഷമാപണം എന്നാണ് ശശികുമാർ ചോദിച്ചത്.

കാർത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. പ്രിയാമണിയായിരുന്നു ചിത്രത്തിൽ നായിക. പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസകാരം പ്രിയാമണി നേടുന്നത്.