സിനിമയില്‍ അഭിനയിക്കാന്‍ എന്തു യോഗ്യതയുണ്ടെന്ന് ചോദിച്ച് തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി ഹരീഷ് പേരടി. അഞ്ചാം ക്ലാസില്‍ നാടകം കളിച്ചതു മുതല്‍ നടനായി മാറി ഇപ്പോള്‍ വരെ കടുത്ത വിമര്‍ശനങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ട്. അതാണ് തന്റെ യോഗ്യത എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടുതല്‍ വിമര്‍ശിക്കാനും ഹരീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ്?.. അഞ്ചാം ക്ലാസു മുതല്‍ നാടകം കളിച്ചു നടന്ന ഞാന്‍ ഏറ്റുവാങ്ങിയ, ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന കടുത്ത വിമര്‍ശനങ്ങളാണ് എന്റെ യോഗ്യത.. വിമര്‍ശനങ്ങളാണ് കലയുടെ ഇന്ധനം.. കലയുടെ രാഷ്ട്രീയം… എന്റെ എല്ലാ കഥാപാത്രങ്ങളെയും വിമര്‍ശിക്കാനുള്ള അധികാരം..
ഇല്ലാത്ത പൈസ ഉണ്ടാക്കി തിയേറ്ററില്‍ ടിക്കറ്റെടുത്ത്, അല്ലെങ്കില്‍ ഒ.ടി.ടിയില്‍ പണമടച്ച് എന്റെ സിനിമയും, സംഘാടകര്‍ നിങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഞങ്ങള്‍ നാടകക്കാര്‍ക്ക് തരുന്ന പൈസയില്‍ നാടകവും കണ്ട നിങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് ഞാന്‍ ആയിരം വട്ടം ഉറപ്പിക്കുന്നു…
വിമര്‍ശിക്കുക… ഒരു യോഗ്യതയുമില്ലാതെ വിമര്‍ശിക്കുക… വിമര്‍ശനമില്ലാതെ ജീവിക്കാന്‍ പറ്റില്ലാ… വിമര്‍ശനം.. വിമര്‍ശനം.. വിമര്‍ശനം ജയിക്കട്ടെ.. ഏത് അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുക… വിമര്‍ശനം മനുഷ്യനെ മനുഷ്യനാക്കുന്നു…