രതീഷിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായി, വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയത്; വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു; കൂടുതൽ വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെതിരെ മുൻസിഫ് കോടതിയിൽ ഹർജിയുമായി എത്തിയത്. ചിത്രത്തിൽ കോസ്റ്റ്യൂം ഡിസൈനറായി തന്നെ നിയമിക്കുകയും എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ നീണ്ടുപോയതിനാൽ പ്രതിഫലത്തുക തരാതിരിക്കുകയും ചിത്രത്തിന്റെ ക്രെഡിറ്റ് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്തുവെന്നും ചൂണ്ടിക്കാണിച്ചാണ് ലിജി പ്രേമൻ പരാതിയുമായി എത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ലിജി.

പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ രതീഷിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായെന്നും തന്നെ ഒരു വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയാതെന്നും പറഞ്ഞ ലിജി, സംവിധായകനിൽ നിന്നും വലിയ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നും കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ലിജി പ്രേമന്റെ വെളിപ്പെടുത്തൽ.

“ബറോസ്, രജനീകാന്ത് ചിത്രം വേട്ടയാന്‍ തുടങ്ങിയവയിലെ വര്‍ക്ക് കണ്ടാണ് രതീഷ് എന്നെ സമീപിക്കുന്നത്. 35 ദിവസത്തെ വര്‍ക്കായിരുന്നു പറഞ്ഞത്. പ്രതിഫലമായി ചോദിച്ചത് 2.25 ലക്ഷം രൂപയായിരുന്നു. അതില്‍ ഒരു ലക്ഷം മുന്‍കൂറായി രതീഷ് തരികയും ചെയ്തു. പ്രീപ്രൊഡക്ഷനും ഷൂട്ടിംഗുമായി 110 ദിവസമാണ് താന്‍ ഈ സിനിമയ്ക്കായി ജോലി ചെയ്തത്. പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ സംവിധായകനില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ ടീം പറഞ്ഞത് അനുസരിച്ച് ഞാൻ തുടരുകയായിരുന്നു.

രതീഷിന്റെ ഈഗോയായിരുന്നു പ്രശ്‌നത്തിന്റെ കാരണം. തുടക്കം മുതല്‍ക്കെ വേലക്കാരിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത് പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റം. ഇതോടെയാണ് ഞാന്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ ഇതിനോടകം തന്നെ സിനിമയ്ക്ക് വേണ്ട വസ്ത്രങ്ങളെല്ലം ഞാന്‍ ഒരുക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള എന്റെ ജോലിയുടെ 75 ശതമാനവും തീര്‍ത്തിരുന്നു

തുടര്‍ന്ന് ഞാന്‍ ഫെഫ്കയെ സമീപിച്ചു. സിനിമയുടെ ക്രെഡിറ്റില്‍ തന്റെ പേര് വെക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഫെഫ്കയെ സമീപിച്ചത്. എനിക്ക് ലഭിക്കേണ്ട പ്രതിഫലം മുഴുവനും ലഭിച്ചിട്ടില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ക്രെഡിറ്റ് വെക്കാമെന്ന് പറഞ്ഞിരുന്നു. അതേസമയം എന്റെ പേര് ക്രെഡിറ്റില്‍ വെക്കുന്നതിനോട് നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ സംവിധായകന്റെ പിടിവാശിയെ തുടര്‍ന്ന് ഒഴിവാക്കി. സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്റെ പേര് അസിസ്റ്റന്റ് എന്ന ലേബലിലാണ് വന്നത്. മറ്റൊരാളുടെ പേരായിരുന്നു കോസ്റ്റിയും ഡിസൈനറുടേതായി വച്ചിരുന്നത്. ഇത് എന്നെ അപമാനിക്കുന്നത് പോലെയാണ്. കുറേ വര്‍ഷങ്ങളായി ഞാന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതാണ്. ഇതോടെയാണ് ഞാന്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്.” എന്നാണ് ലിജി പറയുന്നത്.

തന്റെ പേര് ഉൾപ്പെടുത്താതിനെ തുടർന്ന് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും, പ്രതിഫലത്തിന്റെ ബാക്കിത്തുകയായ 75000 രൂപ തിരികെ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും ലിജി പ്രേമൻ നൽകിയ ഹർജിയിൽ പറയുന്നു. കൂടാതെ സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായെന്നും ആയതിനാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. മെയ് 16-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെൻറ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read more