നിങ്ങള്‍ ഒരാളുടെ ജീവിതം കൊണ്ട് കളിക്കരുത്; വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍

തന്നെക്കുറിച്ചുള്ള വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ കൊട്ട ശ്രീനിവാസ റാവു. യൂട്യൂബ് ചാനലിലൂടെ നടന്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വിഡിയോ വലിയ രീതിയില്‍ വൈറലായതോടെയാണ് പ്രതികരണവുമായി നടന്‍ രംഗത്ത് എത്തിയത്.

താന്‍ തികച്ചും ആരോഗ്യവാനാണെന്നും യൂട്യൂബ് ചാനലുകളിലൂടെ തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നടന്‍ വിഡിയോയില്‍ പറഞ്ഞു. രാവിലെ മുതല്‍ ഫോണ്‍ കോളുകള്‍ വരികയാണ്. ഒരാളുടെ ജീവിതം കൊണ്ട് കളിക്കരുതെന്നും നടന്‍ അഭ്യര്‍ഥിച്ചു.

‘ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഞാന്‍ മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതായി അറിഞ്ഞു. ഉഗാദി ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോഴാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരികയാണ്.

മരണവാര്‍ത്ത അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും വസതിയില്‍ എത്തിയിരുന്നു. ഒരു വാനിലാണ് അവര്‍ എത്തിയത്. പത്തോളം പേര്‍ ഉണ്ടായിരുന്നു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് സൗകര്യവും സുരക്ഷയും ഒരുക്കാന്‍ വേണ്ടിയായിരുന്നു പൊലീസ് എത്തിയത്. ഇത്തരം വ്യാജ മരണവാര്‍ത്തകള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് പൊലീസുകാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരാളുടെ ജീവിതം കൊണ്ട് കളിക്കരുത്.കൂടാതെ ഇത്തരം കിംവദന്തികളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു- നടന്‍ പറഞ്ഞു.