രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ ഏപ്രിൽ 11 ന് തിയേറ്ററുകളിൽ എത്തുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള കഥയാണ് ആവേശത്തിന്റെ പ്രമേയം. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ആവേശത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്.
ഇപ്പോഴിതാ ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. തനിക്ക് സിനിമയിൽ ഏറ്റവും സന്തോഷം തോന്നുന്നത് ആ സിനിമ തീർന്നു കഴിഞ്ഞു ഫൈനൽ സ്റ്റേജിൽ അത് കാണുമ്പോഴാണ് എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. കൂടാതെ സിനിമ പ്രൊമോട്ട് ചെയ്യുമ്പോൾ വലിയ സന്തോഷം ഉണ്ടാകാറില്ലെന്നും ഫഹദ് പറയുന്നു.
“എനിക്ക് സിനിമയിൽ ഏറ്റവും സന്തോഷം തോന്നുന്നത് ആ സിനിമ തീർന്നു കഴിഞ്ഞു ഫൈനൽ സ്റ്റേജിൽ അത് കാണുമ്പോഴാണ്. അപ്പോഴാണ് കൂടുതൽ സന്തോഷം ഉണ്ടാകുന്നത്. ആ സിനിമ പ്രൊമോട്ട് ചെയ്യുമ്പോൾ വലിയ സന്തോഷം ഉണ്ടാകാറില്ല.
ഞാൻ പ്രൊമോഷൻ ഒരു അവെർനെസ്സ് മാത്രമായാണ് കാണുന്നത്. എനിക്ക് അത്ര നന്നായിട്ട് സിനിമയെ പ്രൊമോട്ട് ചെയ്യാൻ അറിയില്ല. ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് ആളുകളെ അറിയിക്കാനുള്ള അവെർനെസ്സ് ആയിട്ടേ ഞാൻ ഇതിനെ കാണാറൊള്ളൂ.” എന്നാണ് ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Read more
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് ഫഹദിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്ത മാമ്മന്നൻ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം രജനികാന്ത് നായകനാവുന്ന വേട്ടയ്യ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴിൽ മികച്ച പ്രകടനം നടത്താൻ ഇരിക്കുന്ന അവസരത്തിലാണ് ആവേശം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.