'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ടെസ്റ്റില്‍ വ്യാഴാഴ്ച ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ ഒരു ബൗളര്‍-ഹെവി ലൈനപ്പുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഓഫ്സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ ഇന്ത്യക്ക് ആറ് ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ട്. ശുഭ്മാന്‍ ഗില്‍ ടീമിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തെത്തി.

എന്നാല്‍ ഗില്ലിനെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന് ഇഷ്ടപ്പെട്ടില്ല. താന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം തുടരാന്‍ താന്‍ ഗൗതം ഗംഭീറിനോട് പറയുമായിരുന്നുവെന്ന് പത്താന്‍ പറഞ്ഞു.

ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമായിരുന്നുവെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം തുടരാന്‍ ഞാന്‍ ജിജിയോട് (ഗൗതം ഗംഭീര്‍) പറയുമായിരുന്നു. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കെഎല്‍ രാഹുലിന് ശേഷം ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുമുണ്ട്.

അവസാന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ബാറ്റില്‍ അസാമാന്യമായിരുന്നു. അവന്‍ ഇവിടെ നന്നായി കളിച്ചു. അതേ പ്ലേയിംഗ് ഇലവന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- പത്താന്‍ പറഞ്ഞു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കളിച്ച മുന്‍ ടെസ്റ്റില്‍ ഗില്‍ 45 ഉം 35 ഉം റണ്‍സ് സ്‌കോര്‍ നേടിയിരുന്നു. 2025 ജൂണില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ ഓസ്ട്രേലിയയും ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനാല്‍ ഈ മത്സരവും പരമ്പരയും ഇരു ടീമിനും പ്രധാനമാണ്.