‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ 10 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങീ യുവതാരനിര അണിനിരന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ സുഭാഷ് എന്ന കഥാപാത്രം തന്നിലേക്ക് എത്തിച്ചേർന്നപ്പോൾ തൻ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി. കരിയറിൽ ഏറ്റവും കൂടുതൽ വിഷമിച്ച സമയത്തെ കുറിച്ചും ശ്രീനാഥ് ഭാസി സംസാരിച്ചു. എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോൻ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
മഞ്ഞുമ്മൽ ബോയ്സിൽ സുഭാഷ് എന്ന കഥാപാത്രം അഭിനയിക്കുന്ന സമയത്തെ ജീവിതം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഞാനും സുഭാഷിനെപോലെ സ്റ്റാക്കായി നിൽക്കുന്ന സമയത്താണ് സുഭാഷിന്റെ വേഷം എന്റടുത്ത് വരുന്നത്. വ്യക്തിപരമായും പ്രൊഫെഷനിൽ ആയാലും. ആ സിനിമ ശരിയായ ഒരു സമയത്താണ് എത്തിയത്.
ഒരു സിനിമയില്‍ നിന്ന് എന്നെ മാറ്റിയ സമയമായിരുന്നു അത്. അപ്പോഴാണ് എന്റെ കൂട്ടുകാര്‍ എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് വെച്ച് നീട്ടുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച സമയം എനിക്ക് ഒരു തെറാപ്പി കൂടിയായിരുന്നു.
‘മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. സൗബിനിക്ക അല്ലാതെ ആരും ഞങ്ങളെവെച്ച് ഇത്രയും പണം മുടക്കി ഇങ്ങനൊരു സിനിമ ചെയ്യില്ല. എന്നെ പോലൊരു ഭ്രാന്തനെ വെച്ച് ഇങ്ങനൊരു നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചു’ എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.