IPL 2025: രാജസ്ഥാൻ അല്ല ശരിക്കും ഇത് സഞ്ജുസ്ഥാൻ, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി മലയാളി താരം; സഹതാരങ്ങളെക്കാൾ ബഹുദൂരം മുന്നിൽ

44 റൺസിന്റെ തോൽവിയിലേക്ക് ടീം വീണെങ്കിലും, രാജസ്ഥാൻ റോയൽസിനായി ടി20യിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി സഞ്ജു സാംസൺ ചരിത്രപുസ്തകത്തിൽ ഇടം നേടിയിരിക്കുകയാണ് .mറോയൽസിനായി ഒരുപാട് വർഷങ്ങളായി കളിക്കുന്ന സാംസൺ, 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തന്റെ മികച്ച പ്രകടനം തുടർന്നു.

സാംസൺ 66 (37) റൺസ് നേടി ടീമിന്റെ തോൽവിക്കിടയിലും പൊരുതി നോക്കി. നാലാം വിക്കറ്റിൽ ധ്രുവ് ജുറലിനൊപ്പം 111 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ സാംസൺ 287 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ടീമിനെ 200 കടത്താൻ സഹായിച്ചു. പുൾ ഷോട്ടിനായി ശ്രമിക്കുന്നതിനിടെ ഹർഷൻ പട്ടേലിന്റെ പന്തിൽ ടൈമിംഗ് തെറ്റി ഹെൻറിച്ച് ക്ലാസന്റെ കൈയിൽ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്.

രാജസ്ഥാൻ റോയൽസിനായി 147 ടി20കളിൽ നിന്ന് 4000 റൺസ് നേടിയ സാംസൺ, 141.04 എന്ന സ്ട്രൈക്ക് റേറ്റിൽ 32.00 ശരാശരിയിൽ ആണ് നേട്ടത്തിലേക്ക് എത്തിയത്. അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം റോയൽസിനായി 4000 റൺസ് എന്ന സ്കോർ മറികടക്കാൻ സാംസൺ ഇനിയും 192 റൺസ് കൂടി വേണം. ആറ് ചാമ്പ്യൻസ് ലീഗ് ടി20 മത്സരങ്ങളിൽ രാജസ്ഥാനെ പ്രതിനിധീകരിച്ച അദ്ദേഹം, മൂന്ന് അർദ്ധസെഞ്ച്വറികളുൾപ്പെടെ 38.40 ശരാശരിയിൽ 192 റൺസ് നേടിയിട്ടുണ്ട്.

അതേസമയം ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്. വന്നവനും പോയവനും നിന്നവനും എല്ലാം ഹൈദരാബാദിനായി അടിച്ചപ്പോൾ രാജസ്ഥാന് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.

Read more