ബിജെപി വിമര്‍ശനം കേരളത്തില്‍ ഫാഷന്‍; മഴ പെയ്താലും ഇല്ലെങ്കിലും കുറ്റം ബിജെപിയ്‌ക്കെന്ന് പ്രഹ്ലാദ് ജോഷി

ബിജെപിയെ വിമര്‍ശിക്കുന്നത് കേരളത്തില്‍ ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. മോദി സര്‍ക്കാരിനെ കുറ്റം പറയുന്നതാണ് ഇവരുടെ പ്രധാന പരിപാടി. മഴ പെയ്താലും ഇല്ലെങ്കിലും പോലും ബിജെപിയെ ഇവര്‍ കുറ്റം പറയുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ സമരത്തിലും കേന്ദ്രത്തിനാണ് കുറ്റമെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരേയൊരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയാണ് ബിജെപി. ഭരണത്തിലോ പ്രതിപക്ഷമായോ ബിജെപി മിക്ക സംസ്ഥാനത്തിലും ഉണ്ട്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്നതിന്റെ ഫലമാണിത്. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ബിജെപി ഭരണത്തിലോ പ്രതിപക്ഷത്തിലോ ഇല്ലാത്തതെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷമായുള്ള സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുക പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. കെ സുരേന്ദ്രന്‍ അധ്യക്ഷനായ കാലയളവില്‍ കേരളത്തില്‍ വോട്ടുവിഹിതം 20 ശതമാനമായി. രാജീവ് ചന്ദ്ര ശേഖറിനെ 25 വര്‍ഷമായി അറിയാം.ബെംഗളൂരു വന്നതു മുതല്‍ അറിയാം.

ബംഗളുരുവിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ സമരം ചെയ്ത ആളാണ് രാജീവ് ചന്ദ്രശേഖര്‍. പുതിയ നേതൃത്വം കേരളത്തില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യും. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകാന്‍ രാജീവ് ചന്ദ്ര ശേഖറിന് സാധിക്കുമെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.

Read more