വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി 'വാങ്കേ' എന്ന് പറഞ്ഞ് വിളിച്ചു, ഒടുവില്‍ വട്ടാണെന്ന് കരുതി ആള്‍ക്കാര്‍ എന്നെ തല്ലാതെ വിട്ടു: അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

തന്റെ ജീവിതത്തിലുണ്ടായ രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘സിനിമയില്‍ അവസരത്തിനായി അലഞ്ഞിരുന്ന കാലം. മദ്രാസിലെ ഉമാ ലോഡ്ജില്‍ താമസം. അന്ന് അവസരത്തിനായി ആളുകളുടെ ഓഫീസിലും വീടുകളിലുമൊക്കെ സ്ഥിരമായി പോകും. ലോഡ്ജില്‍ നിന്ന് പോകേണ്ട ഇടങ്ങളിലേയ്ക്ക് നടക്കും. വ്യായാമത്തിനല്ല,

ബസ് കൂലിയ്ക്കുള്ള പൈസ പോലും കൈയില്‍ എടുക്കാനില്ല. ഊണ് കഴിക്കാന്‍ പോലും പൈസ ഇല്ലാതിരുന്ന കാലം. രാമു കാര്യാട്ടിന്റെ ഓഫീസിലൊക്കെ അവസരത്തിനായി പോയി ഇരിക്കും.ഒരിക്കല്‍ തിരിച്ച് വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി ‘വാങ്കേ’ എന്ന് പറഞ്ഞ് വിളിച്ചു. വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന ആളുകളാണ്. കൂടെ കിടക്കാന്‍ വിളിക്കുന്നതാണ്. രണ്ട് രൂപ, മൂന്ന് രൂപ ഒക്കെ ആണ് ചോദിക്കുന്നത്. ഇവരെന്തിനാണ് വിളിക്കുന്നതെന്ന് പിന്നീട് റൂമിലുള്ളവര്‍ പറഞ്ഞപ്പോഴാണ് മനസിലായത്.

Read more

പിന്നീടൊരിക്കല്‍ നടന്നു പോയപ്പോള്‍ വീണ്ടും ആളുകള്‍ ‘ഇങ്ക വാങ്കേ’ എന്നൊക്കെ വിളിച്ചു. കൈയില്‍ 15 പൈസ ഇല്ലാതെ, ഊണ് കഴിക്കാതെ നടന്ന് തളര്‍ന്ന ഞാന്‍ ഇവര് വിളിക്കുന്നത് കേട്ട് ചിരിച്ചു പോയി. എന്തിനാ ചിരിക്കുന്നെ എന്ന് ചോദിച്ച് ആളുകള്‍ കൂടി. ഒടുവില്‍ അടി കിട്ടാതിരിക്കാന്‍ ഞാന്‍ ചിരി ഒന്ന് കൂട്ടി ഭ്രാന്ത് അഭിനയിച്ചു. വട്ടാണെന്ന് കരുതി അവര്‍ എന്നെ തല്ലാതെ വിട്ടു. അഭിനയം കൊണ്ട് ചില സമയങ്ങളില്‍ ഗുണങ്ങളുണ്ടാകും’ – ഇന്നസെന്റ് പറഞ്ഞു.