'അച്ഛന് രാഷ്ട്രീയമുണ്ട്, പക്ഷേ എനിക്ക് താത്പര്യമില്ല'; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ

മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ. ആദ്യ സിനിമ തന്നെ മമ്മൂട്ടി എന്ന വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇഷാനി. സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ രമ്യ എന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സിനിമയില്‍ രാഷ്ട്രീയമുണ്ടെങ്കിലും ജീവിതത്തില്‍ രാഷ്ട്രീയം തീരെ താത്പര്യമില്ലാത്ത വിഷയമാണ് എന്നാണ് ഇഷാനി മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ജീവിതവുമായി ഈ കഥാപാത്രത്തിനു യാതൊരു ബന്ധവുമില്ല. കാരണം രാഷ്ട്രീയത്തോട് തനിക്കൊരു താത്പര്യവും ഇല്ല.

അച്ഛന് രാഷ്ട്രീയമുണ്ട് പക്ഷേ കോളജിലായാലും തനിക്ക് രാഷ്ട്രീയമില്ല. സിനിമയുടെ ഷോട്ടിന് തൊട്ടു മുമ്പാണ് ആദ്യമായി മമ്മൂട്ടി സാറിനെ കാണുന്നത്. ആദ്യമായി കാണുന്നതിനൊപ്പം തന്നെ താന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയാണ്. ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി സാര്‍ ഒത്തിരിയധികം സപ്പോര്‍ട്ട് ചെയ്തു.

Read more

ഷൂട്ടിനെത്തുമ്പോള്‍ എങ്ങനെ അഭിനയിക്കണമെന്നോ അതിന്റെ തയ്യാറെടുപ്പുകളെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. മാത്യുവിന് ഒപ്പമായിരുന്നു കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍. മാത്യു ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. ആദ്യചിത്രത്തില്‍ തന്നെ അച്ഛനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നൊരു ഭാഗ്യവുമുണ്ട്. എന്നാല്‍ അച്ഛനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.