'മക്കളുടെ കാര്യം എന്ത് ചെയ്യുമെന്നായിരുന്നു, അവർക്ക് ഞാനില്ലാതെ പറ്റില്ലല്ലോ'? പകുതിയിൽ വച്ച് ഞാൻ മരിക്കുമെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി; നാദിയ മൊയ്തു

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് നാദിയ മൊയ്തു. അത്ര വേഗന്നൊന്നും മലയാളികൾ താരത്തെ മറക്കാനിടയില്ല. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയാണ് നാദിയ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. ഇപ്പോഴിതാ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ആദ്യകാലങ്ങളെകുറിച്ചും തുറന്ന് പറയുകയാണ് നാദിയ മൊയ്തു.

നടി ആനി അവതാരകയായിട്ട് എത്തുന്ന ‘ആനീസ് കിച്ചൻ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു നാദിയ മൊയ്തു‌. നായികയായിട്ടാണ് നാദിയ മലയാളം സിനിമയിലേക്ക് എത്തുന്നത്. 17 വയസ്സുള്ളപ്പോൾ അഭിനയിച്ച ആ സിനിമ അവരുടെ കരിയർ മാറ്റിമറിച്ചു. പിന്നീട് ഇങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും നായികയായി തിളങ്ങി നിന്ന നടി വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം തമിഴിലെ എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി എന്ന ചിത്രത്തിലൂടെയാണ് നാദിയ തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിന് കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി എന്ന ചിത്രത്തിലെ തന്റെ അനുഭവവും താരം പങ്കുവച്ചു. ‘ആദ്യം സിനിമയിലും തിരിച്ചുവരവിലെ ആദ്യ സിനിമയും താൻ ഒട്ടും പ്ലാൻ ചെയ്യാതെ സംഭവിച്ചതാണെന്നാണ് താരം പറയുന്നത്. ഈ സിനിമകൾ വലിയ വിജയമായി തീരുമെന്ന് പ്രതീക്ഷിച്ചതേയില്ല. പക്ഷേ രണ്ടും വലിയ ഹിറ്റായി.

തന്റെ തിരിച്ചുവരവ് തമിഴിലൂടെ ആയിരുന്നു എങ്കിലും ആ സിനിമ കേരളത്തിലും എത്രയധികം ഇംപാക്ട് ഉണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഏകദേശം 23 വർഷങ്ങൾക്ക് മുൻപാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി ചെയ്യുന്നത്. അന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് ഞാൻ താമസിക്കുന്നത്. മക്കൾ വളരെ ചെറുതാണ്. അഭിനയിക്കാൻ വേണ്ടി ഇന്ത്യയിലേക്ക് വന്നാൽ മക്കളുടെ കാര്യം എന്ത് ചെയ്യുമെന്നും ഞാനില്ലാതെ പറ്റില്ലല്ലോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്. എന്നാൽ ഭർത്താവിന്റെ അമ്മ കൂടെ വരാമെന്ന് പറഞ്ഞു.

അതുപോലെ അന്ന് എൻ്റെ കൂടെ സഹായത്തിന് ഉണ്ടായിരുന്നത് നല്ലൊരു സ്ത്രീയായിരുന്നു. അവരുടെ സഹായത്തോടെയാണ് താൻ വീണ്ടും അഭിനയിക്കാൻ വരുന്നത്. പിന്നെ എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മിയുടെ സെക്കൻഡ് ഹാഫിന് ശേഷം ഞാൻ ഇല്ലെന്ന് കേട്ടപ്പോൾ സന്തോഷമായി. സിനിമയുടെ പകുതിയിൽ വച്ച് ഞാൻ മരിക്കും എന്ന് പറഞ്ഞതായിരുന്നു ആകെ ആശ്വാസമുണ്ടായ കാര്യം. കാരണം ഡേറ്റ് അത്രയും കുറച്ച് മതിയല്ലോ എന്ന് കരുതി സന്തോഷിച്ചുവെന്നും നദിയ പറയുന്നു.

അതേസമയം സിനിമയിൽ അഭിനയിക്കാൻ ഒന്നും താല്പര്യമില്ലായിരുന്നുവെന്നും നാദിയ പറഞ്ഞുവെക്കുന്നു. സിനിമയിൽ വരുമെന്നോ അഭിനയിക്കുമെന്ന് ഒന്നും പ്രതീക്ഷിച്ചില്ല. എൻ്റെ ആദ്യ സിനിമയ്ക്ക് നല്ല കഥയായിരുന്നു. ചുമ്മാ രസത്തിന് ഒരു പടത്തിൽ അഭിനയിച്ചു നോക്കാം എന്ന് മാത്രമേ കരുതിയുള്ളൂ. ബാക്കി ഒന്നും പ്രതീക്ഷിച്ചതല്ല എന്നും ആ സിനിമയിൽ അഭിനയിക്കുമ്പോൾ 17 വയസ്സാണ് തന്റെ പ്രായമെന്നും താരം പറയുന്നു.