അകത്താക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍, കൂട്ടുകക്ഷി ഭരണത്തിലേക്ക് ബിജെപി, പ്രാദേശിക പാര്‍ട്ടികളെ വീഴ്ത്തിയ സ്ട്രൈക്കുകള്‍; ഗിമ്മിക്കുകളുടെ തുടര്‍കഥ, പ്രതീക്ഷയും പ്രതിപക്ഷ മങ്ങലും: 2024ലെ രാഷ്ട്രീയ ഇന്ത്യ

2024 രാഷ്ട്രീയ ഇന്ത്യയില്‍ ഒട്ടനവധി ഞെട്ടലുകളുടേയും പൊറാട്ടു നാടകങ്ങളുടേയും കൂടിയായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന് വഴിയൊരുക്കിയ ലോക്സഭാ തിരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഉണര്‍ത്തിയ പോരാട്ടവീര്യവും പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ തിരിച്ചു വരവും കിതപ്പുമെല്ലാം കണ്ട വര്‍ഷം. ബിജെപി കൂട്ടുകക്ഷി മന്ത്രിസഭയിലേക്ക് ഒതുങ്ങിയെന്നതാണ് 2014നേയും 2019നേയും അപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. കോണ്‍ഗ്രസ് ലോക്സഭയില്‍ ചെറുതായി ഒന്ന് കുതിച്ചും പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കിതച്ചു ചുമച്ച് അവശ നിലയിലായതും 2024 കണ്ടു. പക്ഷേ അപ്പോഴും 10 വര്‍ഷത്തിനിപ്പുറം രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായി എന്നതാണ് 2024 കൊണ്ടുവന്ന മാറ്റം. മൃഗീയ ഭൂരിപക്ഷത്തില്‍ നിന്ന് മുന്നണി സമവാക്യങ്ങളില്‍ വഴങ്ങി മോദി കി ഗ്യാരന്റിയ്ക്കപ്പുറം എന്‍ഡിഎ എന്ന് പറയേണ്ടി വന്ന ജനാധിപത്യ രീതിയിലേക്ക് രാജ്യം വീണ്ടും വരുന്നതിന്റെ മിന്നലാട്ടം. പ്രാദേശിക കക്ഷികളെ വിഴുങ്ങി വലുതാകുന്ന ബിജെപി പല സംസ്ഥാനങ്ങളിലും കാലങ്ങളായി മുന്നില്‍ നിന്നവരെ വീഴ്ത്തി ഒന്നാമനായി ഭരണം പിടിച്ചതും 2024 കണ്ടു. അകത്താക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും കൂട്ടിലെ തത്ത സിബിഐയും ഇഡിയും മോദി ഭരണകൂടത്തിലെ സ്ഥിരം കാഴ്ചയായി. ഇനി ദേശീയ രാഷ്ട്രീയത്തിലെ ചില പ്രധാന സംഭവങ്ങള്‍ എന്തെന്ന് ജനുവരി മുതലൊന്ന് ഓടിച്ചു നോക്കാം.

1.അയോധ്യ പ്രാണപ്രതിഷ്ഠ

ജനുവരിയില്‍ തന്നെ അയോധ്യ പ്രാണപ്രതിഷ്ഠയായിരുന്നു 2024ലേക്ക് കടക്കാനുള്ള കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ണായക നീക്കം. തിരഞ്ഞെടുപ്പ് വര്‍ഷം മുന്നില്‍ കണ്ടു ബിജെപി നീക്കിയ അസ്ത്രം ആവനാഴിയില്‍ 92 മുതല്‍ ആര്‍എസ്എസ് കുറിക്കിയെടുത്ത് ബിജെപിയെ അധികാരത്തിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചതായിരിന്നു. പക്ഷേ അത് അതേ തീവ്രതയോടെ ബിജെപിയ്ക്ക് അയോധ്യയിലെ രാഷ്ട്രീയ ചൂഷണ ശ്രമം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ രാഷ്ട്രീയ പരിപാടിയായി അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മാറ്റിയ ബിജെപി- ആര്‍എസ്എസ് കൗശലത്തിന് മുന്നില്‍ കോണ്‍ഗ്രസിനെ അടിപതറിക്കാന്‍ ബിജെപിയ്ക്കായി. പണിതീരാത്ത രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കിറങ്ങിയ നരേന്ദ്ര മോദിയും അമിത് ഷായുടെ ചാണക്യ ബുദ്ധിയും ലക്ഷ്യമിട്ടത് കൈവരിച്ചതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ അയോധ്യക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് രാഷ്ട്രീയമായി കരുത്തുകാട്ടി. അയോധ്യയില്‍ പലതും കണ്ട ബിജെപിയുടെ ഹിന്ദുത്വയ്ക്ക് പക്ഷേ അടിയേറ്റത് ഹിന്ദുവിശ്വാസികളില്‍ നിന്ന് തന്നെയാണ്. പാതിപൂര്‍ത്തിയായ ക്ഷേത്രത്തിലെ മോദിയുടെ പ്രാണപ്രതിഷ്ഠ ശങ്കരാചാര്യന്മാരുടെ അടക്കം വിമര്‍ശനത്തിന് ഇടയാക്കി. പ്രതീക്ഷിച്ചതൊന്നും അയോധ്യയില്‍ നിന്ന് ബിജെപിയ്ക്ക് കിട്ടിയില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കിട്ടിയ തിരിച്ചടിയില്‍ നിന്ന് വ്യക്തമായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലം സമാജ് വാദി പാര്‍ട്ടി വിജയിച്ചുകയറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍.

ALSO WATCH: അയോധ്യയെന്ന ബിജെപി കുടുക്കില്‍ ശ്വാസംമുട്ടുന്ന കോണ്‍ഗ്രസ്

അയോധ്യക്കില്ലെന്ന് പറഞ്ഞ ശങ്കരാചാര്യന്മാരും രാഷ്ട്രീയ ഹിന്ദുത്വയുടെ ആഹ്ലാദവും

2.രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര

ഭാരത് ജോഡോയാത്രയുടെ രണ്ടാംഘട്ടം മണിപ്പൂരിലെ ദൗബാലില്‍ നിന്ന് ജനുവരി 14ന് ആണ് തുടങ്ങിയത്. മാര്‍ച്ചില്‍ മുംബൈയിലെത്തുമ്പോഴേക്കും കിഴക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ സ്‌നേഹത്തിന്റെ കടതുറക്കാനുള്ള ശ്രമങ്ങളിലായിരുന്ന കോണ്‍ഗ്രസ് ലോക്‌സഭയിലത് ഗുണം ചെയ്യുമെന്ന് കരുതി.

ALSO WATCH: ബോഡി ഡബിള്‍ ആരോപണവും വെളിപ്പെടുത്തല്‍ ഭീഷണിയും അസമിലെ ഹിമന്തയും

: ഹിമന്തയുടെ പൊലീസും രാഹുലിന്റെ ന്യായ് യാത്രയും | India Talk

3.കേന്ദ്രത്തിന്റെ കാരവാന്‍ സെന്‍സറിങ്

‘screams from the army posts’ ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളികള്‍ എന്ന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തേയും സൈന്യത്തേയും കുറിച്ചുള്ള കാരവാന്‍ മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം പിന്‍വലിച്ചില്ലെങ്കില്‍ വൈബ്‌സൈറ്റ് പൂട്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തിട്ടൂരമിറക്കിയത്. ഐടി കരിനിയമം കേന്ദ്രം പ്രയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്ന് കണ്ടു വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ALSO WATCH: ദ കാരവന്‍’ കേന്ദ്ര ‘സെന്‍സറിംഗില്‍’ മിണ്ടാതെ മലയാള മുന്‍നിര മാധ്യമങ്ങള്‍! The Caravan Magazine

4.ഇലക്ടറല്‍ ബോണ്ടെന്ന ബിജെപിയുടെ വിവാദ സംഭാവന സ്‌കീം പൊളിച്ചടക്കിയ സുപ്രീം കോടതി.

ഇലക്ടറല്‍ ബോണ്ടെന്ന പേരില്‍ സ്രോതസ് വെളിപ്പെടുത്താതെ ധനസമാഹരണം നടപ്പാക്കിയ ബിജെപിയെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു ഈ സംവിധാനം ഫെബ്രുവരി 15ന് ആണ് സുപ്രീം കോടതി റദ്ദാക്കിയത്. പ്രതിപക്ഷ എതിര്‍പ്പിനെ അവഗണിച്ച് പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തില്‍ ബിജെപി പാസാക്കിയെടുത്തതാണ് പേരു വെളിപ്പെടുത്തേണ്ടാത്ത സംഭാവന സ്‌കീം. അതില്‍ പിന്നെ ഇലക്ടറല്‍ ബോണ്ടിലൂടെ വന്ന പണത്തിന്റെ 75% വും ഒഴുകിയത് ബിജെപിയെന്ന ഒറ്റ പാര്‍ട്ടിയിലേക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിലുള്ള വിവര പ്രകാരം 2018- 23 കാലഘട്ടത്തില്‍ ആകെ കിട്ടിയ 12,000 കോടി ഇലക്ടറല്‍ ബോണ്ടില്‍ 6565 കോടിയും പോയിരിക്കുന്നത് ബിജെപി അക്കൗണ്ടിലേക്കാണ്. ബാക്കി തുകയെല്ലാം കൂടിയാണ് ഇന്ത്യാ മഹാരാജ്യത്തിലുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി കിട്ടിയിരിക്കുന്നത്.

ALSO WATCH: ബിജെപിയുടെ ‘കള്ളപ്പണം’ ഇല്ലാതാക്കല്‍ പ്രചാരണവും ഇലക്ടറല്‍ ബോണ്ട് വിവരങ്ങളും

5.തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രത്തിന്റെ പ്രതിപക്ഷ വേട്ട, കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിക്കല്‍

ആസന്നമായ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സര്‍ക്കാര്‍. അതു സുപ്രീം കോടതിയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് എന്ന ഫണ്ട് ശേഖരണം സംബന്ധിച്ച് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് കനത്ത പ്രഹരം കിട്ടിയതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കല്‍. രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നതില്‍ തര്‍ക്കമില്ലെന്നിരിക്കെ ഇലക്ടറല്‍ ബോണ്ടിലെ എല്ലാ കണക്കും പോരട്ടേയെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളിലേക്ക് ഇന്‍കം ടാക്സിനെ വിട്ടൊരു ശ്രദ്ധ തിരിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് പക്ഷേ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകം മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. കോണ്‍ഗ്രസിന്റെ പരാതിയില്‍ ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) ആണ് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആഞ്ഞടിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിര്‍ത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ മുഖ്യപ്രതിപക്ഷത്തിന് പ്രചാരണത്തിന് ചെലവാക്കാന്‍ പണമില്ലാതാക്കി കൊണ്ട് ബിജെപിയുടെ കെട്ടരാഷ്ട്രീയം.

ALSO WATCH: ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍, പുനസ്ഥാപിക്കല്‍, ഒടുവില്‍ 115 കോടി നിലനിര്‍ത്തല്‍

6.ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആട്ടം

ഹിമാചലില്‍ കോണ്‍ഗ്രസിന്റെ സുഖ് വിന്ദര്‍ സിങ് സുഖു സര്‍ക്കാരിനെ വിമതന്‍മാരെ ഉപയോഗിച്ച് വീഴ്ത്താനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന്‍ വിക്രമാദിത്യയുടെ വിമതരെ ഇറക്കി കളിയില്‍ ആറ് എംഎല്‍എമാരെ പാര്‍ട്ടി അയോഗ്യരാക്കിയാണ് അവിശ്വാസത്തെ അതിജീവിച്ചത്. ക്രോസ് വോട്ടിംഗിലൂടെ ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാര്‍ കാരണം ഉറപ്പായ രാജ്യസഭാ സീറ്റ് മനു അഭിഷേക് സിങ്വിക്ക്ര് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് അടിയായിരുന്നു. വിമതരെ തൂക്കി പുറത്തിട്ട് പ്രതിസന്ധികള്‍ ഡികെ ശിവകുമാറും ഭൂപേഷ് ബാഗലും ഭൂപീന്ദര്‍ ഹൂഡയും ചേര്‍ന്ന പ്രത്യേക സംഘം ഒതുക്കിയതോടെ ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നു.

ALSO WATCH:  ഹിമാചലില്‍ പാര്‍ട്ടിയെ ചതിച്ചവരെ അയോഗ്യരാക്കി പിന്നോട്ടില്ലെന്ന് ഉറച്ച് കോണ്‍ഗ്രസ്

7.തിരഞ്ഞെടുപ്പിന് മുമ്പേ എതിരാളിയെ അയോഗ്യരാക്കി ബിജെപി സ്ഥാനാര്‍ത്ഥികളുടെ ജയം, മോദിയുടെ പുത്തന്‍ ഇന്ത്യ

എതിരാളികളില്ലാതെ ജയവും പ്രാവര്‍ത്തികമാക്കി ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക കൂടി പിന്‍വലിച്ചതോടെ മോദിയുടെ ഗുജറാത്തില്‍ ഒരു സീറ്റില്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പേ ജയിച്ചു. സൂററ്റിലായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് മാത്രം കടക്കും മുമ്പേ ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അയോഗ്യനാക്കപ്പെടുകയും മല്‍സരത്തിന് വഴിയൊരുങ്ങാത്ത വിധത്തില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനത്തില്‍ സ്വതന്ത്രന്മാര്‍ പിന്മാറിയാണ് ബിജെപിയെ വോട്ടെടുപ്പിന് മുമ്പേ ജയിപ്പിച്ചത്. സൂററ്റിന് പിന്നാലെ ഗുജറാത്ത് മോഡല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലും ആവര്‍ത്തിച്ചു.

ALSO WATCH:  വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

8.ലോക്‌സഭാ തിരഞ്ഞെടുപ്പ്, മൂന്നാം മോദി സര്‍ക്കാര്‍

2014ല്‍ 282ഉം 2019ല്‍ 303 എന്ന മൃഗീയ ഭൂരിപക്ഷത്തിലും രാജ്യത്തെ ഭരിച്ച ബിജെപിയ്ക്ക് 272 എന്ന കേവലഭൂരിപക്ഷം നല്‍കിയ സുരക്ഷിതത്വം അവസാനിപ്പിച്ച വര്‍ഷമാണ് 2024. അബ്കി ബാര്‍ ചാര്‍സൗ പാര്‍ എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൂട്ടരേയും കേവലഭൂരിപക്ഷത്തിന് താഴെ പിടിച്ചിരുത്തി ഇന്ത്യന്‍ ജനാധിപത്യം. വാരണാസിയില്‍ നാലര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞകുറി ജയിച്ച പിഎം മോദി ഇക്കുറി ഒന്നരലക്ഷം കടന്നത് കിതച്ചാണ്. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശാണ് മോദിയ്ക്കും കൂട്ടര്‍ക്കും ഷോക്കേകിയത്. യുപി കെ ലഡ്കെ ട്രെന്‍ഡില്‍ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി സഖ്യം 80ല്‍ 43 സീറ്റുകള്‍ പൊതിഞ്ഞു പിടിച്ചപ്പോള്‍ 2019ല്‍ 62 സീറ്റ് നേടിയ ബിജെപി 33ലേക്ക് ഇടറി വീണു. 240 അംഗസംഖ്യയിലേക്ക് ചുരുങ്ങിയപ്പോള്‍ മോദി കി ഗ്യാരന്റി മാറി എന്‍ഡിഎ എന്ന് പറയേണ്ടി വന്നു. ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബിഹാറിലെ നിതീഷ് കുമാറും ചാടിപ്പോയാല്‍ വീഴുമെന്ന പേടിയില്‍ ബിജെപി ആന്ധ്രാ- ബിഹാര്‍ പ്രീണനത്തിലേക്ക് കടന്നു. പിന്നെ ബജറ്റിലടക്കം ആന്ധ്രയും ബിഹാറും തിളങ്ങുന്ന ഇന്ത്യയുടെ മുഖമായി.

ALSO WATCH: ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല

: ‘ഒറ്റയ്ക്കില്ല’ ബിജെപി, ദേശീയ രാഷ്ട്രീയത്തില്‍ കിങ് മേക്കര്‍മാരുടെ ഉദയം

: പഴയ തഴമ്പില്‍ കാര്യമില്ല, ഇനി നിതീഷും നായിഡുവും വിലപേശി വരയ്ക്കും

9.പ്രതിപക്ഷ നേതാവ് 10 കൊല്ലത്തിന് ശേഷം

സെഞ്ച്വറിയടിക്കാന്‍ മുത്തശ്ശിപ്പാര്‍ട്ടിയ്ക്കായില്ലെങ്കിലും 10 വര്‍ഷങ്ങള്‍ക്ക് ശേഷമൊരു പ്രതിപക്ഷ നേതാവിനെ ലോക്‌സഭയിലെത്തിക്കാന്‍ 99 കൊണ്ട് കോണ്‍ഗ്രസിനായി. പ്രതിപക്ഷ നേതൃ സ്ഥാനം നല്‍കാതെ 10 വര്‍ഷം ഏകപക്ഷീയമായി ലോക്‌സഭയും രാജ്യസഭയും നിയന്ത്രിച്ച ബിജെപിയ്ക്ക് പ്രതിപക്ഷത്തിന്റെ ശബ്ദം അവര്‍ക്കൊപ്പം ഉയരുന്നത് കാണുന്ന തരത്തില്‍ പാര്‍ലമെന്റ് മാറി.

ALSO WATCH:  ‘അദാനിക്കും അംബാനിക്കും വേണ്ടി മാത്രം തീരുമാനമെടുപ്പിക്കുന്ന മോദിയുടെ പരമാത്മാവ്’

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!

10.പ്രതിപക്ഷ സഖ്യത്തിന് തുരങ്കംവെച്ച് ബിജെപി മൃദു നിലപാടില്‍ അവസാനിച്ച നവീന്‍ പട്‌നായിക് യുഗം

ഒഡീഷയിലെ നവീന്‍ പട്‌നായിക്കിന്റെ 24 വര്‍ഷത്തെ ബിജെ ജനതാദള്‍ ഭരണം ബിജെപി അവസാനിപ്പിച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട് രണ്ടര പതിറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച ബിജെഡിയ്ക്ക് 147ല്‍ 51 സീറ്റുകളാണ് നേടാനായത്. കേവലം ഭൂരിപക്ഷം കടന്ന് 78 സീറ്റുകള്‍ നേടിയ ബിജെപി ഒറ്റയ്ക്ക് തന്നെ അധികാരത്തിലെത്തി.

11.ഹേമന്ത് സോറനും ജയിലും ജാര്‍ഖണ്ഡും

കോണ്‍ഗ്രസിന്റെ ഉറ്റ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി കുടുക്കിയ കൊല്ലം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പുതുവര്‍ഷത്തില്‍ ജയിലിലായി മുഖ്യമന്ത്രി വിശ്വസ്തന്‍ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ബിജെപി ചരടുവലികളില്‍ ചാടിയ ചമ്പായ് തിരിച്ചെത്തിയ ഹേമന്ത് സോറനെ പ്രതിസന്ധിയിലാക്കി ബിജെപിയ്‌ക്കൊപ്പം കൂടി. ഇഡിയെ കോടതിയില്‍ നേരിട്ട് മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തി തിരഞ്ഞെടുപ്പ് നേരിട്ട് തുടര്‍ഭരണം പിടിച്ചു.

ALSO WATCH:   അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് ആളെ അകത്തിടുന്ന പരിപാടി നടപ്പില്ലെന്ന് സുപ്രീം കോടതി

12.കെജ്രിവാള്‍ അറസ്റ്റ്, ആംആദ്മി പാര്‍ട്ടി പ്രതിസന്ധി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഒന്നിന് പുറകെ ഒന്നായി സിബിഐ -ഇഡി അറസ്റ്റുകള്‍. ഒടുവില്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രി കെജ്രിവാളും അകത്ത്. പിന്നീട് രാജി. അതിഷി ഡല്‍ഹി മുഖ്യമന്ത്രി. പിന്നീട് വിചാരണ നീട്ടുന്ന ഇഡിയുടെ രീതികള്‍ മനസിലാക്കി അഞ്ച് മാസത്തിന് ശേഷം സുപ്രീം കോടതി ഇടപെടലില്‍ കെജ്രിവാള്‍ പുറത്ത്. മനീഷ് സിസോദിയ അടക്കം അകത്തായ പലരും കോടതി ഇടപെടലില്‍ പുറത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നു.

ALSO WATCH: കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും

ഭരണവിരുദ്ധ വികാരത്തെ ഡല്‍ഹിയില്‍ പേടിച്ച് കെജ്രിവാളും ടീമും

13.ഹരിയാനയില്‍ എക്‌സിറ്റ് പോളുകളെ തള്ളി ബിജെപിയുടെ ഹാട്രിക്

ലോക്‌സഭയിലെ കുതിപ്പില്‍ ഒക്ടോബറില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറച്ച ഹരിയാന ഭരണവിരുദ്ധ വികാരങ്ങളെ പോലും തള്ളി ബിജെപി ഹാട്രിക് അടിച്ചെടുത്തു. 90 സീറ്റില്‍ 48 ബിജെപിയും 37 കോണ്‍ഗ്രസിനും. ഹരിയാനയിലെ തോല്‍വി കോണ്‍ഗ്രസിന്റെ ഇന്ത്യ മുന്നണിയിലെ പ്രമാണിത്തം അവസാനിപ്പിച്ചു.

ALSO WATCH: ഹരിയാനയിലും ഒബിസി തന്ത്രത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി

: : ‘പണി പാളി’, തോറ്റവന് കൂട്ടത്തിലും തല്ല് തന്നെ!| Congress | Rahul Gandhi

14.പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജും ഒരു ക്രൂരബലാല്‍സംഗ കേസിലെ ‘അട്ടിമറി രാഷ്ട്രീയം’

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂര ബലാല്‍സംഗത്തിന് ഇടയായി ഒരു ഡോക്ടര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധത്തില്‍ കലങ്ങി മറിഞ്ഞ പശ്ചിമ ബംഗാളില്‍ മമതയെ നിഷ്‌കാസിതയാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബിജെപി. രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ത്ത് വിഷയം തങ്ങളുടെ ബാധ്യതയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്.

ALSO WATCH: തൃണമൂല്‍ vs ബിജെപി: ഒരു ക്രൂരബലാല്‍സംഗ കേസിലെ ‘അട്ടിമറി രാഷ്ട്രീയം’

15.മഹാരാഷ്ട്രയിലെ ബിജെപി വമ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കരുത്തുകാട്ടിയ ഇന്ത്യ മുന്നണി മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് മുന്നില്‍ അലച്ചുകെട്ടിയാണ് വീണത്. എന്‍ഡിഎ മുന്നണിയ്ക്കപ്പുറം മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കൊരു ശക്തിയായി വളര്‍ന്നു പടര്‍ന്നു പന്തലിച്ച ബിജെപി എന്നതാണ് 2024 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സ്ഥാപിതമായ രാഷ്ട്രീയ സത്യം. മറാത്ത മണ്ണില്‍ ഭീഷണിയായിരുന്ന ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി ഒടുക്കി ഏറ്റവും വലിയ എതിരില്ലാത്ത ഒറ്റകക്ഷിയായി ബിജെപി.

ALSO WATCH: മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി

16.ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ്

പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീര്‍ പോളിങ് ബൂത്തിലെത്തി. സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തു മാറ്റി ലഡാക്കിനെ ജമ്മു കശ്മീരില്‍നിന്നു വേര്‍തിരിച്ചു, സംസ്ഥാനപദവി മാറ്റി കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ചാണ് കശ്മീര്‍ കരുത്തുകാട്ടിയത്. ബിജെപിയ്‌ക്കൊപ്പം പണ്ട് പോയ പിഡിപി ഇടറി വീണപ്പോള്‍ നാഷനല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മികച്ച വിജയം നേടി.

ALSO WATCH:  ജമ്മുകശ്മീരിലെ ‘ഹിന്ദുക്കളെ ഉണര്‍ത്താനുള്ള’ തന്ത്രങ്ങള്‍!

രാഹുല്‍ ഗാന്ധി വയനാടിനൊപ്പം ചേര്‍ന്ന് യുപിയിലെ റായ്ബറേലിയില്‍ മല്‍സരിച്ചു രണ്ടിടത്തും ജയിച്ച് റായ്ബറേലി ഉറപ്പിച്ചു നിലനിര്‍ത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വയനാട്ടിലൂടെ പ്രവേശനം ലഭിച്ചതും 2024 കണ്ടു. കാവിരാഷ്ട്രീയത്തെ പടിക്ക് പുറത്താക്കാന്‍ അടവുനയം സ്വീകരിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും സാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ രാജ്യത്തെ പൊതിഞ്ഞുപിടിച്ച ധനമന്ത്രിയും പിന്നീട് രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങുമാണ് 2024ല്‍ ദേശീയ രാഷ്ട്രീയത്തിന്റെ നികത്താനാകാത്ത നഷ്ടങ്ങളില്‍ പ്രധാനം.

ALSO WATCH: യെച്ചൂരിയെന്ന കെടാത്ത വിപ്ലവ ചരിത്രം