ഞാൻ അപമാനിതനായി, ഫാറൂഖ് കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും മുന്നറിയിപ്പില്ലാതെ ഒഴിവാക്കി; നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ജിയോ ബേബി

കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും മുന്നറിയിപ്പില്ലാതെ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. ഉദ്ഘാടകന്റെ ധാർമ്മിക മൂല്യങ്ങൾ സ്ഥാപനവുമായി ചേർന്ന് പോവില്ലെന്ന് പറഞ്ഞാണ് ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിത്. സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ജിയോ ബേബി അറിയിച്ചത്.

“എനിക്കുണ്ടായ ഒരു മോശം അനുഭവത്തേകുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. അഞ്ചാം തിയ്യതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന ‘സട്ടിൽ പൊളിറ്റിക്സ് ഓഫ് പ്രസന്റ് ഡേ മലയാളം സിനിമ’ എന്ന വിഷയുമായി ബന്ധപ്പെട്ട് ചടങ്ങിലേക്ക് എന്നെ അവർ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയ്യത്തി രാവിലെ ഞാൻ കോഴിക്കോട് എത്തി. അവിടെയെത്തിയത്തിന് ശേഷമാണ് ഞാനറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തു എന്നുള്ളത്. ഇത് കോർഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ചു പറഞ്ഞത്.

എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ വ്യക്തമായ ഒരു കാരണം പറയുന്നില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഒരു പരിപാടി പെട്ടെന്ന് മാറ്റിവെക്കാനുള്ള കാരണം അറിയാത്തതുകൊണ്ട് ഞാൻ പ്രിൻസിപ്പാളിന് കാരണം ചോദിച്ച് മെയിൽ അയച്ചു. എന്നാൽ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ശേഷം വിദ്യാർത്ഥി യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിക്കുകയുണ്ടായി.

പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാണ് കത്തിലുണ്ടായിരുന്നത്. എന്റെ ധാർമ്മിക മൂല്യങ്ങൾ അവർക്ക് എതിരാണ്. എന്തുകൊണ്ട് മാനേജ്മെന്റ് ഈ പരിപാടി ക്യാൻസൽ ചെയ്തു എന്നുകൂടി അറിയേണ്ടതുണ്ട്. ഒരു ദിവസം  മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഉപരിയായി ഞാൻ അപമാനിതനായിട്ടുണ്ട്. അതിനൊക്കെ ഉത്തരം എനിക്ക് കിട്ടണം, ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാൻ സ്വീകരിക്കും.

View this post on Instagram

A post shared by Jeo Baby (@jeobabymusic)

Read more

ഇത്തരത്തിൽ ഒരു പ്രതിഷേധം ചെയ്തില്ലെങ്കിൽ അത് ശരിയല്ല. എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുന്നുണ്ട്. ” എന്നാണ് ജിയോ ബേബി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.