നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിക്കാം, ത്യാഗം സഹിക്കേണ്ടി വരും: ജോയ് മാത്യു

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെ പരിഹസിച്ച് ജോയ് മാത്യു. ഭൂമി, കെട്ടിട നികുതിയില്‍ 20 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയതും ഇന്ധനവിലയും മദ്യ വിലയും ഉര്‍ത്തിയതിന് എതിരെയെല്ലാം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും എന്നാണ് ജോയ് മാത്യു പറയുന്നത്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ്:

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്‌നം.

അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ……..(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടില്‍)