ഗുണ കേവ്സില്‍ നിന്നും എടുത്ത തലയോട്ടികളാണ് താന്‍ ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് കമല്‍ ഹാസന്. തമിഴകത്തും തരംഗം തീര്‍ക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കമല്‍ ഹാസന് ചിത്രം ‘ഗുണ’യുടെ റെഫറന്‍സുകളുമായി എത്തിയ ചിത്രം 75 കോടിയും പിന്നിട്ട് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.
സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്തതിന് പിന്നാലെ കമല്‍ ഹാസന് മഞ്ഞുമ്മല്‍ ചിത്രത്തിന്റെ സംവിധായകന് ചിദംബരവുമായും അഭിനേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.
ഈ വീഡിയോയിലാണ് ഗുണ കേവ്സില്‍ നിന്നുമെടുത്ത തലയോട്ടികള്‍ താന്‍ സിനിമയില്‍ ഉപയോഗിച്ചതിനെ കുറിച്ച് കമല്‍ പറഞ്ഞിരിക്കുന്നത്. ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വര്‍ഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല.
കുരങ്ങുകള്‍ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാന്‍ പറ്റാതെ ചത്തുപോകും. ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ താന്‍ ഗുണാ കേവില്‍ നിന്നും എടുത്തതാണെന്നും കമല്‍ വ്യക്തമാക്കി.
ഇതിനൊപ്പം ഗുണ എന്ന സിനിമയ്ക്ക് ആദ്യം മറ്റൊരു പേര് ആയിരുന്നു നല്കാന് തീരുമാനിച്ചിരുന്നു. യഥാര്‍ഥത്തില്‍ ‘മതികെട്ടാന്‍ ഷോലൈ’ എന്നായിരുന്നു ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിര്‍ത്തു.
ഗുണാ കേവിന് ഡെവിള്‍സ് കിച്ചണ്‍ എന്ന് പേരുവരാന്‍ കാരണമായ ആ പ്രതിഭാസം തങ്ങള്‍ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ഗുണാ കേവിലേക്ക് പോകാനുള്ള നിശ്ചിത വഴിതന്നെ തങ്ങള്‍ ഉണ്ടാക്കിയതാണ് എന്നാണ് കമല്‍ ഹാസന് പറയുന്നത്.