സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

1.ഒരിക്കൽ കൂടെ സന്തോഷ് ട്രോഫിയുടെ ഫൈനലിൽ ഇടം നേടിയപ്പോൾ എന്ത് തോന്നുന്നു?

നസീബ്: വളരെ അധികം സന്തോഷം തോന്നുന്നുണ്ട്. അതുപോലെ കളിയിലാണെങ്കിൽ, ഗ്രൂപ് സ്റ്റേജിലും സോണൽ സ്റ്റേജിലും എല്ലാവരും നന്നായി തന്നെയാണ് കളിച്ചത്. അതുകൊണ്ട് തന്നെ ഇതുവരെ എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്.

2.കേരളത്തിൽ വളർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ ഫുട്ബോളിനോടുള്ള ഇഷ്ടം എങ്ങനെയാണ് രൂപപ്പെട്ടത്?

നസീബ്: ചെറുപ്രായത്തിൽ തന്നെ ലോകകപ്പുകളും മറ്റ് മത്സരങ്ങളും കാണുന്നതിനോടൊപ്പം തന്നെ സുഹൃത്തുക്കളുടെ കൂടെയുള്ള പാടങ്ങളിലെയും ഗ്രൗണ്ടിലെയും കളികളിലൂടെ ഇഷ്ട്ടം തോന്നിയത് കൊണ്ടാണ് ഇവിടെ വരെ എത്താൻ സാധിച്ചത്.

3.നിങ്ങളുടെ കളിരീതിയെ സ്വാധീനിച്ച ഏതെങ്കിലും പ്രത്യേക കളിക്കാരനോ ഉപദേശകനോ ഉണ്ടായിരുന്നോ?

നസീബ്: ചെറുപ്പം മുതലേ ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ആയിരുന്നു ഞാൻ. റൊണാൾഡോയുടെ ശൈലി എന്നെ വല്ലാതെ ആകർഷിക്കുകയും അത് എന്നിലെ ഫുട്‌ബോൾ കളിക്കാരനെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഫുട്‌ബോൾ യാത്രയിൽ എന്റെ കുടുംബവും സുഹൃത്തുക്കളും അതുപോലെ സ്കൂളിലും മറ്റുമായി ഫുട്‌ബോൾ മേഖലയിൽ ഉണ്ടായിരുന്ന കോച്ചുമാരും എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്.

4.ഈ സീസൺ സന്തോഷ് ട്രോഫിയിലെ ഒരു അവിസ്മരണീയമായ ഒരു മത്സരത്തെ കുറിച്ച് പറയാൻ പറഞ്ഞാൽ?

നസീബ്: ഈ സീസണിലെ ഏറ്റവും അവിസ്മരണീയമായ മത്സരം ജമ്മു കശ്മീർ ആയിട്ടുള്ളതായിരുന്നു. 70 മിനുട്ട് വരെ ഞങ്ങൾക്ക് സ്കോർഷീറ്റ് ഓപ്പൺ ചെയ്യാൻ പറ്റിയിരുന്നില്ല. 72ആം മിനുട്ടിലാണ് എനിക്ക് ഒരു അവസരം കിട്ടുകയും അത് ഗോൾ നേടാനും സാധിച്ചത്. മത്സരത്തിൽ ജമ്മു വളരെ കോ ഓർഡിനേറ്റ് ചെയ്തായിരുന്നു ഡിഫെൻഡ് ചെയ്തിരുന്നത്. അതുകൊണ്ട് അവർക്കെതിരെ ഗോൾ നേടാൻ കുറച്ചു ബുദ്ധിമുട്ടി. ജമ്മുവിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരമാണ് മറക്കാൻ പറ്റാത്ത ഒരു മത്സരം.

ജമ്മു കശ്മീരിനെതിരെ ഗോൾ നേടിയ നസീബ് റഹ്മാൻ

5.ഫുട്ബോളിൽ കേരളത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഫൈനലിലേക്ക് വരുമ്പോൾ ആരാധകരിൽ നിന്നുള്ള പ്രതീക്ഷകളുടെ ഭാരം നിങ്ങളെ എങ്ങനെയാണ് പ്രചോദിപ്പിക്കുന്നത് അല്ലെങ്കിൽ വെല്ലുവിളി സൃഷ്ടിക്കുന്നത്?

നസീബ്: വെസ്റ്റ് ബംഗാൾ മികച്ച ഒരു എതിരാളിയാണ് അതുകൊണ്ട് ഫൈനൽ അത്ര എളുപ്പമാവില്ല. എങ്കിലും ഫൈനൽ ജയിക്കാൻ ഞങ്ങൾ നന്നായി പ്രായത്നിക്കും.

6.ഇത്രയും പാരമ്പര്യമുള്ള സന്തോഷ് ട്രോഫിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഒരു സുപ്രധാന ടൂർണമെന്റ് എന്ന നിലക്ക് അതിന്റെ പ്രധാന ഗുണവും അതേപോലെ തന്നെ മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

നസീബ്: ചെറുപ്പം മുതലേ ഫുട്ബോളിന്റെ അടിസ്ഥാന തലത്തിൽ തന്നെ പങ്കെടുത്തു വളർന്ന് വരുന്ന കുട്ടികൾക്ക് ഒരുപാട് സാധ്യതകൾ തുറന്ന് കിടപ്പുണ്ട്. അതേസമയം ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങളിലെ റഫറിമാരുടെ പിഴവുകൾ മത്സരങ്ങളുടെ വിധി നിർണയിക്കുന്നതിലും ക്ലബ്ബിന്റെ ഭാവി നിർണയിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതൊരു മെച്ചപ്പെടേണ്ട പ്രധാന മേഖലയാണ്.

7.സന്തോഷ് ട്രോഫിയായാലും സൂപ്പർ ലീഗ് കേരള ആയാലും ഐഎസ്എൽ ആയാലും പ്രാദേശിക ഫുട്ബോൾ ലീഗുകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇന്ത്യൻ ഫുട്ബോളിന് എത്രമാത്രം സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്?

നസീബ്: ഒരുപാട് യുവകളിക്കാർക്ക് അവസരം ലഭിക്കാനും, അവസരം ലഭിച്ച കളിക്കാർക്ക് മാച്ച് ടൈം ലഭിക്കാനും ഇത്തരം ലീഗ് മത്സരങ്ങൾ കൊണ്ട് സഹായകമായിട്ടുണ്ട്.

8.നമ്മുടെ ട്രൈനിംഗ് ആയാലും മറ്റ് കോച്ചിങ് സൗകര്യങ്ങൾ ആയാലും മികച്ച ഒരു ഫുട്ബോളിങ് ഭാവിയെ പടുത്തുയർത്തുന്നതിൽ എത്രത്തോളം അഡ്വാൻസ്ഡ് ആണ്?

നസീബ്: ഓരോ പ്രൊഫഷണൽ ക്ലബ്ബുകൾക്കും അതിന്റെതായ സ്റ്റാൻഡേർഡ് പാലിച്ചു കൊണ്ടുള്ള ട്രെയിനിങ് സിസ്റ്റം തന്നെയാണ് നമുക്കുള്ളത്. ഓരോ ക്ലബ്ബുകളും ഓരോ വർഷം തോറും അവരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് അവിടെ പങ്കെടുക്കുന്ന കളിക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നുണ്ട്. അതുപോലെ പുറത്ത് നിന്നുള്ള വിദഗ്ധരായ പരിശീലനം കാരണം നല്ല രീതിയിൽ നമ്മുടെ കളിക്കാർ മെച്ചപ്പെടാൻ സഹായകമാവുന്നുണ്ട്.

9.കേരളത്തിലെ ഗ്രാസ് റൂട്ട് ഫുട്ബോൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ നിർദ്ദേശിക്കും?

നസീബ്: ഒരുപാട് പുതിയ കളിക്കാർ ഇന്ന് ഉയർന്ന് വരുന്നുണ്ട്. അവർക്ക് പെർഫോം ചെയ്യാൻ പറ്റുന്ന രൂപത്തിലുള്ള മത്സരങ്ങൾ കൂടി ഉണ്ടായാൽ കേരളത്തിനായാലും മറ്റ് ക്ലബ്ബ് ലെവൽ ഫുട്ബാലിലും ഒരുപാട് നല്ല കളിക്കാരെ ലഭിക്കും.

10.ഈയിടെ മലയാളി ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്ത ഒരു വാർത്തയാണ് അര്ജന്റീന ടീമിന്റെ കേരള സന്ദർശനം ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലക്ക് ഈ സന്ദർശനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

നസീബ്: ഈ വിഷയത്തിൽ ഇന്ത്യൻ പ്ലേയർ ആഷിഖ് കുരുണിയൻ പറഞ്ഞ നിലപാടിനോട് ഞാൻ യോജിക്കുന്നു.