എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ ഒരു തെറ്റുമില്ല: കമൽ ഹാസൻ

താനൊരു കേരള പ്രൊഡക്ട് ആണെന്ന് കമൽ ഹാസൻ. തന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ ഒരു തെറ്റുമില്ലെന്നും ഇന്ത്യയിലെ പല ഭാഗങ്ങളിലുള്ള വിദഗ്ദരുടെ അടുത്ത് കൊടുത്തുണ്ടായ ഒരു പ്രൊഡക്ടാണ് താനെന്നും കമൽ ഹാസൻ പറയുന്നു.

കമൽ ഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഇന്ത്യൻ 2’വിന്റെ പ്രസ് മീറ്റിനിടെയാണ് കമൽ ഹാസൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ 2 വിൽ ഒരുപാട് ടെക്നീഷ്യന്മാരുടെ പ്രയത്നമുണ്ടെന്നും, അവരൊന്നുമില്ലാതെ ഈ ചിത്രം പൂർത്തിയാവില്ലെന്നും കമൽ ഹാസൻ പറയുന്നു.

“എനിക്ക് കേരളത്തിൽ നിരവധി സുഹൃത്തുക്കളും നിരൂപകരുമുണ്ട്. അവരാണ് ഇന്നത്തെ എന്നെ ഉരുവാക്കിയെടുത്തത്. ഒരു സാധനം എവിടെയാണ് ഉണ്ടാക്കിയത് എന്ന് പറയുമല്ലോ. അങ്ങനെ എന്റെ പേരിന്റെ താഴെ മെയ്ഡ് ഇൻ കേരള എന്ന് ചേർത്താൽ അതിൽ ഒരു തെറ്റുമില്ല. തമിഴ്‌നാട്ടിൽ മാത്രമല്ല പല ഭാഗങ്ങളിലായി പല എക്സ്പേർട്ട്സിന്റെ അടുത്തുമെല്ലാം കൊടുത്ത് ഉണ്ടായ ഒരു പ്രൊഡക്റ്റാണ് ഞാൻ. അതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനൊരു പാൻ ഇന്ത്യൻ ആക്ടറായി ഇവിടെ നിൽക്കുന്നത്. എല്ലാവർക്കും നന്ദി

കമല്‍ഹാസന്റേയും ഷങ്കറിന്റേയും ചിത്രമാണെന്നൊക്കെ ചിത്രത്തിന്റെ പോസ്റ്ററില്‍ അടിക്കാം. പക്ഷേ ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഒരുപാട് ടെക്‌നീഷ്യന്‍മാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരൊന്നുമില്ലാതെ ഈ ചിത്രം പൂര്‍ത്തിയാകില്ല. ഇന്ത്യന്‍2 വിലുള്ള നിങ്ങളുടെ പ്രതീക്ഷയും ഞങ്ങളുടെ ആഗ്രഹവും പോലെയാകട്ടെ എന്നാണ്. ഞങ്ങള്‍ അറിയാവുന്ന വിദ്യകളെല്ലാം കാണിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നാണ് കരുതുന്നത്.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനാണ് നെടുമുടി വേണു. ഇന്ത്യന്‍1 ന്റെ സമയത്തും ഞാന്‍ പറഞ്ഞ കാര്യമായിരുന്നു അത്. സിനിമയുടെ ആഘോഷത്തിനായി ഇവിടെ നിന്ന് കാണാമെന്നാണ് പറഞ്ഞത്. അദ്ദേഹം ഇവിടെ ഇല്ലായെന്ന് എനിക്കറിയാം പക്ഷേ ഞാന്‍ അദ്ദേഹത്തെ ഇവിടെ കാണുന്നുണ്ട്.” എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.

അതേസമയം ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.