പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചും ഒരു താരമെന്ന നിലയിൽ എങ്ങനെയാണ് മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും പാൻ ഇന്ത്യൻ താരങ്ങളായത് എന്നതിനെ പറ്റിയും സംസാരിക്കുകയാണ് സംവിധായകൻ കമൽ.
നടന്മാർ എന്ന നിലയിൽ തങ്ങളുടെ കഴിവ് തെളിയിച്ചതുകൊണ്ടാണ് അവർ പാൻ ഇന്ത്യൻ താരങ്ങളായി മാറിയാതെന്നാണ് കമൽ പറയുന്നത്. കൂടാതെ ഇപ്പോഴിറങ്ങുന്ന പാൻ ഇന്ത്യൻ സിനിമകളിൽ എല്ലാം തന്നെ വയലൻസിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ് നിർമ്മിക്കുന്നതെന്നും കമൽ അഭിപ്രായപ്പെടുന്നു.
“നടൻമാർ എന്ന നിലയിൽ കഴിവുതെളിയിച്ചുകൊണ്ടാണ്
മമ്മൂട്ടിയും മോഹൻലാലും പാൻ ഇന്ത്യൻ ആയത്. ആ ബഹുമാനത്തോടെയാണ് അവർ ലോകം മുഴുവൻ അറിയപ്പെടുന്ന നടന്മാരായത്.
ഇൻഡസ്ട്രിയേക്കുറിച്ച് പഠിക്കാതെ പാൻ ഇന്ത്യൻ താരമാവണമെന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല. പാൻ ഇന്ത്യൻ എന്ന ലേബലിൽ വന്ന ഏത് മാലയാളസിനിമയാണ് അത്രമാത്രം നേട്ടം കൊയ്തിട്ടുള്ളത്? വയലൻസിന് കൂടുതൽ പ്രാധാന്യം നൽകിയാണ് മിക്ക പാൻ ഇന്ത്യൻ സിനിമകളും വരുന്നത്.
വയലൻസ് കാണിക്കുന്ന നായകനായിട്ടാണ് രജനികാന്ത് ജയിലറിൽ അഭിനയിച്ചത്. അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ അങ്ങനെയായിരുന്നില്ല. പഴയ നന്മമരമായി രജനികാന്തിനെ കാണാനല്ല പുതുതലമുറ ആഗ്രഹിക്കുന്നത്. പക്ഷേ അതിലൊന്നും കുഴപ്പമില്ല. കാലത്തിനനുസരിച്ചുള്ള മാറ്റമാണത്.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.
Read more
അതേസമയം ഷൈൻ ടോം ചാക്കോ നായകനായെത്തിയ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് കമൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.