'എന്നെ ഇങ്ങനെ തെറി വിളിക്കല്ലേ, എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല...'; അപേക്ഷയുമായി നടന്‍

ധനുഷ് ചിത്രം കര്‍ണനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ജനങ്ങളില്‍ നിന്നും വന്നു കൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ക്രൂരനായ വില്ലനായി വേഷമിട്ട നടന് നേരെ അസഭ്യവര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നട്ടി എന്ന ഈ നടന്‍.

തിയേറ്ററില്‍ ഇരുന്നും, ഫോണിലൂടെ സന്ദേശം അയച്ചും, സോഷ്യല്‍ മീഡിയയിലൂടെയും തന്നെ പലരും അസഭ്യം പറയുന്നു എന്ന് നട്ടി പറയുന്നു. ഇങ്ങനെ എന്നെ അസഭ്യം പറയല്ലേ എന്ന അപേക്ഷയുമായി ട്വിറ്ററില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ക്യാമറമാനും നടനുമായ നട്ടി.

“”പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, എന്നെ ഇങ്ങനെ തെറി പറയല്ലേ. ഞാന്‍ കണ്ണപിരന്‍ ആയിട്ട് അഭിനയിക്കുക മാത്രമാണ് ചെയ്ത്. അതിന് എന്നെ ഇങ്ങനെ അസഭ്യം പറയരുത്. എനിക്കത് കേള്‍ക്കാന്‍ കഴിയുന്നില്ല. അത് വെറും അഭിനയമാണ്. എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു”” എന്ന് പറഞ്ഞു കൊണ്ടാണ് നട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കഥാപാത്രത്തിന് ഇത്രയേറെ അസഭ്യം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെയും നടന്റെയും വിജയമാണ്.

മാരി സെല്‍വരാജ് ആണ് കര്‍ണന്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് സെല്‍വരാജ് സംവിധാനം ചെയ്തത്. കര്‍ണന് മുമ്പ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രവും മികച്ച പ്രതികരണങ്ങളും വിജയവും നേടിയ സിനിമയാണ്. രജിഷ വിജയനാണ് കര്‍ണനില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ലാല്‍, ലക്ഷ്മി പ്രിയ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.