വില്ലനെ മാറ്റാന്‍ ശിവകാര്‍ത്തികേയന്‍ ശ്രമിച്ചു, അതോടെ സിനിമയില്‍ നിന്നൊഴിവാക്കി: വെളിപ്പെടുത്തലുമായി കാര്‍ത്തിക് സുബ്ബരാജ്

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായന്‍ കാര്‍ത്തിക് സുബ്ബരാജ് 2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിഗര്‍ത്തണ്ട.ഈ സിനിമയിലെ പ്രകടനത്തിലൂടെ ബോബി സിംഹ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയെടുത്തിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് ചെയ്ത കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ശിവകാര്‍ത്തികേയനെ ആയിരുന്നു എന്ന വെളിപ്പെടുത്തുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരം തുറന്ന് പറഞ്ഞത്. ആ കഥാപാത്രം ചെയ്യാനായി ശിവകാര്‍ത്തികേയനെ വിളിച്ച സമയത്ത് അദ്ദേഹത്തിന്റെ കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയായിരുന്നു

ജിഗര്‍ത്തണ്ടയുടെ കഥ ഏറെയിഷ്ടപെട്ട ശിവകാര്‍ത്തികേയന്‍ തന്നോട് പറഞ്ഞത്, വില്ലന്റെ റോളിലേക്ക് വലിയൊരു നടനെ കൊണ്ടുവരണമെന്നാണെന്നും സത്യരാജിന്റെ പേരാണ് അദ്ദേഹം വില്ലനായി നിര്‍ദേശിച്ചതെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. പക്ഷെ വില്ലന്‍ വേഷത്തിലേക്ക് ബോബി സിംഹയെ ആദ്യമേ തീരുമാനിച്ചിരുന്നു എന്നും, അത് പറഞ്ഞതിന് ശേഷമാണ് ശിവകാര്‍ത്തികേയനോട് കഥ പറഞ്ഞതെന്നും കാര്‍ത്തിക് സുബ്ബരാജ് വെളിപ്പെടുത്തി.

Read more

പക്ഷെ വില്ലനായി വേറെയാളെ കൊണ്ട് വരണമെന്ന് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടതോടെ അത് ബുദ്ധിമുട്ടാണെന്ന് താനും പറഞ്ഞെന്നും അത്‌കൊണ്ടാണ് അദ്ദേഹത്തെ വെച്ച് ജിഗര്‍ത്തണ്ട നടക്കാതെ പോയതെന്നും കാര്‍ത്തിക് സുബ്ബരാജ് വിശദീകരിച്ചു.