വയനാട് കല്‍പ്പറ്റയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് ഗോകുലിന്റെ കുടുംബത്തെ നേരത്തെ കല്‍പ്പറ്റ സിഐ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍. ഗോകുലിനെ കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്നും കല്‍പ്പറ്റ സിഐ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഗോകുലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.
ഗോകുലിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ സ്‌റ്റേഷനിലെത്തിച്ചത് നിയമവിരുദ്ധമായാണ്. കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോകുലിന് 18 വയസ് പൂര്‍ത്തിയായിട്ടില്ല. 17 വയസും 10 മാസവുമാണ് പ്രായം. എന്നാല്‍ ജനനവര്‍ഷം മാത്രം എഫ്‌ഐആറില്‍ രേഖപ്പെടുത്തി ഗോകുലിനെ പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പൊലീസിന്റെ പദ്ധതിയെന്നാണ് ആരോപണം. ഗോകുലിന്റെ ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗോകുലിനേയും പ്രദേശവാസിയായ പെണ്‍കുട്ടിയേയും കാണാതായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മാര്‍ച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
Read more
പിന്നാലെ പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഗോകുലിനെ കണ്ടെത്തുകയായിരുന്നു.