വീല്‍ ചെയറിനായി കാത്തിരുന്നത് അര മണിക്കൂര്‍..; എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് ഖുശ്ബു

എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് ഖുശ്ബു. കാല്‍മുട്ടിന് പരിക്കേറ്റ തനിക്ക് വീല്‍ ചെയറിനായി അര മണിക്കൂറാണ് ചെന്നൈ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. വീല്‍ ചെയര്‍ കടം വാങ്ങിയാണ് എയര്‍ ഇന്ത്യ തനിക്ക് നല്‍കിയതെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ തനിക്ക് വീല്‍ ചെയര്‍ ആവശ്യമായിരുന്നു. എന്നാല്‍ അത് ലഭിക്കാനായി വിമാനത്താവളത്തില്‍ 30 മിനിറ്റാണ് കാത്തിരിക്കേണ്ടി വന്നത്.

കാല്‍മുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാന്‍ അടിസ്ഥാനപരമായി വേണ്ട വീല്‍ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. മറ്റൊരു എയര്‍ലൈനില്‍ നിന്ന് വീല്‍ ചെയര്‍ കടം വാങ്ങിയാണ് തനിക്ക് നല്‍കിയത്. എയര്‍ ഇന്ത്യ അവരുടെ സേവനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണം എന്നാണ് എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് ഖുശ്ബു ട്വീറ്റ് ചെയ്തത്.

ട്വീറ്റ് വൈറലായതോടെ മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ രംഗത്തെത്തി. നിങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് എയര്‍ലൈന്‍ അധികൃതരുടെ മറുപടി.

നിരവധി പേരാണ് ഖുശ്ബുവിന്റെ ട്വീറ്റിന് പ്രതികരണവുമായി എത്തിയത്. എയര്‍ ഇന്ത്യയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഈയിടെയാണ് ഖുശ്ബുവിന് കാലിന് പരിക്കേറ്റത്. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.