മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ നേരിട്ട ആക്രമണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്, സൗകര്യമില്ല ഉത്തരം പറയാൻ തുടങ്ങിയ കാര്യങ്ങൾ ആക്രോശിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്.
‘നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാൻ. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കും’, എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.
ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും സുരേഷ് ഗോപി തട്ടിക്കയറി. വഖഫിലൂടെ മുനമ്പത്തെ പ്രശ്‌നമല്ല പരിഹരിക്കപ്പെട്ടത്. മുനമ്പത്തും ഗുണപ്പെടും എന്നത് സത്യമാണ്. വഖഫിലെ അപാകതകൾ മാറണം. വഖഫ് ബില്ലിലെ ചർച്ചയിൽ എന്തെങ്കിലും പ്രശ്‌നം കണ്ടോ എന്നും സുരേഷ് ഗോപി പറഞ്ഞു.
Read more
വഖഫ് വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങൾ. വഖഫിൽ മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോളു. നാവ് പോസ്റ്റ്‌മോർട്ടം ചെയ്‌തോളൂ. മനസ്സിനെ പോസ്റ്റ്‌മോർട്ടം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.