അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ; പിണക്കം മറന്ന് തിലകനൊപ്പം അഭിനയിക്കാൻ എത്തിയ ലളിത, ഭദ്രന്റെ കുറിപ്പ്

ഭദ്രന്റെ സംവിധാനത്തില്‍ പിറന്ന സ്ഫടികം മലയാളികള്‍ക്ക ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചിത്രമാണ്. ആടുതോമയായി മോഹന്‍ലാല്‍ പകര്‍ന്നാടിയതിന് പുറമേ തിലകനും കെപിഎസി ലളിതയും തകര്‍ത്തഭിനയിച്ച സിനിമ കൂടിയാണിത്്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യവും ആ ചിത്രത്തിന് പിന്നിലുണ്ട്.

ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന കെപിഎസി ലളിതയും തിലകനും കടുത്ത ശത്രുതയിലായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാളാണ് ലളിതയെന്ന് സംവിധായകന്‍ ഭദ്രന്‍ കുറിക്കുന്നു.

ഭദ്രന്റെ വാക്കുകള്‍

Read more

‘ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ?ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; ‘ അതിപ്പോ അങ്ങേര് കാണിച്ചല്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. ‘ അതാണ് കെപിഎസി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെപിഎസി ലളിത ഭൂമുഖത്തുണ്ടാവില്ല.’