ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു, ആ സിനിമകള്‍ ഒഴിവാക്കി.. വീട്ടില്‍ പോയി സംസാരിച്ചാണ് ഇതിലേക്ക് കൊണ്ടുവന്നത്: തുളസിദാസ്

ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചിരുന്നതായി സംവിധായകന്‍ തുളസിദാസ്. ദിലീപിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ദോസ്ത് എന്ന ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് സംവിധായകന്‍ കൗമുദി മൂവീസിനോട് പങ്കുവച്ചത്.

മായപ്പൊന്‍മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് തന്നോട് പറഞ്ഞതാണ്.

അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കാണുന്നത്. കുഞ്ചാക്കോ ബോബനും ദിലീപും തമ്മില്‍ സിനിമ ചെയ്യാന്‍ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല.

പക്ഷേ താന്‍ അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു. ചാക്കോച്ചന്റെ റോള്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവര്‍ തന്നോട് ആവശ്യപ്പെട്ടത്. തുല്യപ്രാധാന്യമുള്ള നായകന്‍മാരാണ് ചിത്രത്തിലുള്ളത് എന്ന് താന്‍ പറഞ്ഞു.

അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് ദോസ്തിലേക്ക് കൊണ്ടുവന്നത്. സിനിമ മികച്ച അഭിപ്രായമാണ് ഉണ്ടാക്കി തന്നത് എന്നാണ് തുളസിദാസ് പറയുന്നത്. മിമിക്സ് പരേഡ്, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കിലുകില്‍ പമ്പരം, സൂര്യപുത്രന്‍, അവന്‍ ചാണ്ടിയുടെ മകന്‍ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് തുളസിദാസ്.