‘എമ്പുരാന്‍’ റിലീസ് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോള്‍ ഹോളിവുഡ് ലെവലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാന മികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കേരളത്തിലെ വലുതും ചെറുതുമായ തിയേറ്ററുകളിലെല്ലാം ചെണ്ടമേളത്തോടെയും പടക്കം പൊട്ടിച്ചുമാണ് ആരാധകര്‍ സിനിമയെ വരവേറ്റത്.
മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യറും ടൊവിനോയും ഉള്‍പ്പെടെ സിനിമയിലെ താരങ്ങളെല്ലാം എറണാകുളം കവിതാ തിയേറ്ററില്‍ ആദ്യ ഷോയ്‌ക്കെത്തി. ആളുകളെ പിടിച്ചിരുത്തുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ചിത്രം മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്. പൃഥ്വിരാജ് പണി എടുത്തിട്ടുണ്ട്. ലാലേട്ടന്‍ തകര്‍ത്തു. എമ്പുരാന്‍ കളക്ഷന്‍ ആയിരം കോടി കടക്കും. മലയാളത്തിലെ ഹോളിവുഡ് മൂവി. മേക്കിംഗില്‍ ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് എന്നിങ്ങനെയാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായങ്ങള്‍.
എന്നാല്‍ ഇതിനിടെയിലും വിദ്വേഷ പ്രചാരണങ്ങളും സിനിമയ്‌ക്കെതിരെ നടക്കുകയാണ്. ”ഇതുവരെ വളരെ മോശം മേക്കിങ്, ആര്‍ക്കും ഒന്നും മനസിലാകുന്നില്ല. മേജര്‍ രവി ആയിരുന്നെങ്കില്‍ ഇതിലും നന്നായി ചെയ്‌തേനെ എന്ന് പ്രേക്ഷകരുടെ ഇടയില്‍ നിന്നുള്ള കമന്റുകള്‍” എന്ന വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
”മൂക്കുംകുത്തി വീണു, ആരാധകരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്” എന്നിങ്ങനെയുള്ള വരികളോടെയുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യ ഷോ കാണാനെത്തിയത്. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തിയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു.