എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, വേണ്ടി വന്നാല്‍ ജീവന്‍ തന്നെ നല്‍കും: പോസ്റ്റര്‍ വിവാദത്തില്‍ ലീന മണിമേഖല

സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നതിനായി, വേണ്ടിവന്നാല്‍ ജീവന്‍ തന്നെ നല്‍കുമെന്നും അവര്‍ പ്രതികരിച്ചു.

‘എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. മരണം വരെ, ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എന്റെ ജീവനാണ് വിലയെങ്കില്‍ ഞാന്‍ അത് നല്‍കും’, അവര്‍ ട്വിറ്ററില്‍ പറഞ്ഞു.

ലീന ശനിയാഴ്ചയാണ് തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ടൊറന്റോയിലെ ആഗാ ഖാന്‍ മ്യൂസിയത്തിലെ ‘റിഥംസ് ഓഫ് കാനഡ’ സെഗ്മെന്റിന്റെ ഭാഗമായാണ് പോസ്റ്റര്‍ പങ്കുവെച്ചതെന്ന് ലീന മണിമേഖല വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ലീന മണിമേഖല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം ത്രിശൂലം, അരിവാള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി.