കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് അടിയുണ്ടാക്കിയിട്ടുണ്ട്, നാട്ടുകാരുടെ അടുത്ത് നിന്നും കിട്ടിയപ്പോഴാണ് അതൊക്കെ നിന്നത്: ലുക്മാൻ

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ലുക്മാൻ അവറാൻ. മുഹ്സിൻ പാരാരി തിരക്കഥയെഴുതി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ എന്ന സിനിമ ലുക്മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്.

തല്ലുമാല എന്ന ചിത്രം പോലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് താനും അടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ലുക്മാൻ പറയുന്നത്. അടി എന്ന് പറയുന്നത് കാശ് പോലെയാണെന്നും വാങ്ങിയാൽ തിരിച്ചുകൊടുക്കണമെന്നും ലുക്മാൻ പറയുന്നു.

“കോളേജിൽ പഠിക്കുമ്പോൾ അടി ഉണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് ആരാണ് അടി ഉണ്ടാക്കാത്തത്. ഇലക്ഷൻ്റെ ഭാഗമായിട്ടും പിന്നെ ചില റാഗിങ് പ്രശ്ന‌ങ്ങളുടെ ഭാഗമായിട്ടുമെല്ലാം ജൂനിയർ സീനിയർ അടികൾ ഒരുപാട് ഉണ്ടായിട്ടുണ്ട് കോളേജിൽ.

ഇഷ്ടം പോലെ അടി കിട്ടിയിട്ടുമുണ്ട്. അന്നത്തോടെയാണ് ശരിക്കും അടി നിർത്തിയത്. അടി കിട്ടുമ്പോൾ അത്ര സുഖമില്ല. കൊടുക്കുന്നത് പോലെയല്ല എന്നെനിക്ക് മനസിലായി. അന്ന് കോളേജിൻ്റെ പുറത്ത് ഒരു അടി ഉണ്ടായി. കോളേജിൽ അടിയുണ്ടാക്കുന്ന ആവേശത്തിൽ നാട്ടുകാരുടെ അടുത്ത് ചെന്നപ്പോൾ വയർ നിറച്ചങ്ങ് കിട്ടി. അതിന് ശേഷം ഞാൻ അതൊക്കെ മാറ്റി. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊടുത്തു.

അടിയെന്ന് പറഞ്ഞാൽ അതാണല്ലോ, കാശിനെ കുറിച്ച് പറയുന്ന പോലെ തന്നെയാണ്. വാങ്ങാനുള്ളതും കൊടുക്കാൻ ഉള്ളതുമാണത്. അല്ലാതെ വാങ്ങാൻ മാത്രം ഉള്ളതല്ല അത്.” എന്നാണ് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ലുക്മാൻ പറഞ്ഞത്.