സന്തോഷത്തോടെ തല്ലുവാങ്ങിയത് ഇതാദ്യം; മനസ്സ് തുറന്ന് ലുക്ക്മാൻ

തല്ലുമാല കണ്ടവരെല്ലാം ഒരുപോലെ പ്രശംസിക്കുന്ന താരങ്ങളില്‍ ഒരാളാണ് ലുക്ക്മാന്‍. ജംഷി എന്ന കഥാപാത്രമായെത്തി ആളുകളുടെ ഉള്ളിൽ കടന്ന് കൂടിയ താരം സന്തോഷത്തോടെ തല്ല് വാങ്ങിയതിന്റെ കഥ പറഞ്ഞതാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മനോരമ ഓൺലെെന് നൽകിയ അഭിമുഖത്തിലാണ് നടൻ തല്ല് കഥ പറ‍ഞ്ഞത്.

പേരുപോലെ തന്നെ മുഴുവനും തല്ലായ സിനിമയാണ് തല്ലുമാല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കൊണ്ട തല്ലെല്ലാം താൻ സന്തോഷത്തോടെയാണ് വാങ്ങിയത്. ഒരുപക്ഷേ സന്തോഷത്തോടെ വാങ്ങിയ വളരെക്കുറച്ച് പേരിൽ ഒരാളാകും താനും. സുപ്രീം സുന്ദർ മാസ്റ്റർ ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്.

തല്ലിനു മാത്രം നല്ല രീതിയിലുള്ള പ്രാക്ടീസ് തന്നിരുന്നു. ചില തല്ലുകളൊക്കെ ശരീരത്തിൽ സ്പർശിച്ചാണ് ചെയ്തത്. ചിലതൊക്കെ നന്നായി വേദനിച്ചിരുന്നു. പക്ഷേ ആ വേദനയ്ക്കും ഒരു മധുരമുണ്ട്. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള തല്ലുകൊള്ളൽ ആയിരുന്നു. അൽപം വേദനിക്കാതെ ഒന്നും നേടാനാകില്ലല്ലോ.

തല്ലൊക്കെ യഥാർഥമായി തോന്നണം എന്ന് റഹ്‌മാന്‌ നിർബന്ധമുണ്ടായിരുന്നു. ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ ഒരു ധൈര്യമാണ്. നമ്മൾ ലൊക്കേഷനിൽ എത്തിയാൽ മതി ബാക്കി ഒക്കെ റഹ്മാൻ നോക്കിക്കൊള്ളും എന്നൊരു വിശ്വാസമുണ്ട്. റഹ്മാനും താനും അടുത്ത സുഹൃത്താണ്, അദ്ദേഹം ചെയ്‌ത പടങ്ങൾ എല്ലാം ഹിറ്റാണ്.

നാല് പടം ചെയ്തെങ്കിൽ അതെല്ലാം നാല് തരത്തിലുള്ളതായിരിക്കും. ആ ചിത്രങ്ങളെല്ലാം കാണുമ്പോൾ ഒരു സംവിധായകന്റെ പടമാണ് ഇതെല്ലാം എന്നു മനസ്സിലാകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. സൗദി വെള്ളക്ക ആണ് പുറത്തിറങ്ങാനിരിക്കുന്ന ലുക്ക്മാൻ്‍റെ ഏറ്റവും പുതിയ ചിത്രം