'ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോകുന്ന പോലെ തോന്നി, ടെന്‍ഷന്‍ ആയി, തെലുങ്ക് സിനിമയെ കുറിച്ച് മാലാ പാര്‍വതി

നാനിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി മാല പാര്‍വതി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടക് ജഗദിഷ് എന്ന ചിത്രത്തിലാണ് മാല പാര്‍വതി വേഷമിട്ടത്. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നാനി നല്‍കിയ പിന്തുണയെ കുറിച്ചാണ് മാല പാര്‍വതി പറയുന്നത്.

തപ്സി പന്നുവിനൊപ്പമുള്ള ഗെയിം ഓവര്‍ എന്ന ചിത്രം കണ്ടിട്ടാണ് നാനി തന്നെ തെലുങ്കിലേക്ക് വിളിക്കുന്നത്. ഗെയിം ഓവര്‍ കണ്ടിട്ട് ‘ഇവര്‍ എന്റെ സിനിമയില്‍ അഭിനയിക്കണം’ എന്ന് നാനി പറഞ്ഞതായി അസിസ്റ്റന്റ് ഡയറക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ട്.

ഒരു നീണ്ട തെലുങ്ക് ഡയലോഗ് ആണ് ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത്. കഷ്ടപ്പെട്ട് കാണാതെ പഠിച്ച് ഷോട്ടിനായി ചെല്ലുമ്പോള്‍ പറയുന്നു അയച്ച് തന്ന ഡയലോഗ് എല്ലാം മാറിപ്പോയിരുന്നു എന്ന്. തനിക്ക് ഭൂമി പിളര്‍ന്ന് താഴേക്ക് പോകുന്ന പോലെ തോന്നി.

ഒന്നാമത് തെലുങ്ക്, നമുക്ക് പെട്ടെന്ന് പഠിക്കാന്‍ പറ്റില്ല. തനിക്ക് ആകെ ടെന്‍ഷന്‍ ആയി. പക്ഷെ നാനി വന്ന് ആശ്വസിപ്പിച്ചു. എത്ര ടൈം വേണമെങ്കിലും എടുക്കാം, കൂള്‍ ആകൂ എന്നൊക്കെ പറഞ്ഞു. ഒരു വിധത്തില്‍ താന്‍ പഠിച്ചെടുത്ത് ചെയ്തു.

അവസാനമൊക്കെ ആയപ്പോഴേക്കും താന്‍ പഠിച്ചു ഒറ്റ ടേക്ക് ഒക്കെ മതിയെന്നായി. അങ്ങനെയൊക്കെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറിയത്. നാനിയും വിഷ്ണുവുമൊക്കെ നമ്മള്‍ മാറിയിരുന്നാല്‍ വിളിച്ച് കസേര തന്നു കൂടെ ഇരുത്തുമെന്നും മാല പാര്‍വതി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.