പുതുമുഖ സംവിധായകരെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇതൊക്കെയാണ്: മമ്മൂട്ടി പറയുന്നു

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രം “ദ പ്രീസ്റ്റി”ന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയോടെയാണ് നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം എത്തിയത്. ഇതിനിടെ പുതുമുഖ സംവിധായകരെ തിരഞ്ഞെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് മമ്മൂട്ടി. എന്തുകൊണ്ട് ഇത്രയധികം പുതുമുഖങ്ങള്‍ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന് പ്രീസ്റ്റിന്റെ വിജയാഘോഷ വേളയില്‍ മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

പുതുമുഖ സംവിധായകരെ തിരഞ്ഞെടുക്കുന്നത്തിന് ഒരു കാരണം താനും ഒരു പുതുമുഖമായിരുന്നു എന്നത് കൊണ്ടാണ്. രണ്ടാമത്തെ കാരണം താനിപ്പോഴും ഒരു പുതുമുഖം ആണ് എന്നതാണ്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയും താന്‍ ചെയ്യുന്ന കാര്യമാണ്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങള്‍ക്ക് ആവേശം പകരുന്നെങ്കില്‍ സന്തോഷം.

Read more

സിനിമയെ തേടി ഒരുപാട് കാലം അലഞ്ഞ ആളാണ് താനും. അതുപോലെ തന്നെയാണ് പലരും. അന്ന് തനിക്ക് ഒരാള്‍ ഒരു അവസരം തന്നു, അതുപോലെ അവരും വരട്ടെ. ഇത് ഒരു ഗിവ് ആന്‍ഡ് ടേക്ക് ആണ്. തനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. ലോക സിനിമകള്‍ കാണുന്നതാണ് ജനറേഷന്‍ ഗ്യാപ് ഇല്ലാതാക്കുന്നതിന് കാരണമെന്നും താരം പറഞ്ഞു.