ഭാവനയോടുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിച്ച് നടി മഞ്ജു വാര്യര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് ആയിരുന്നു ഭാവനയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയത്. ഈ വേദിയില്‍ വച്ച് സംസാരിക്കവെയാണ് തന്റെ അടുത്ത സുഹൃത്തായ ഭാവനയോടുള്ള ബഹുമാനത്തെ കുറിച്ചടക്കം മഞ്ജു പറഞ്ഞത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കൂട്ടുകാരി എന്നാണ് ഭാവനയെ കുറിച്ച് മഞ്ജു പറയുന്നത്.
”സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേര്‍ത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്.”
”നമുക്ക് എല്ലാവര്‍ക്കും ഇന്‍സ്പിരേഷന്‍ ആയിട്ടുള്ള, നമ്മള്‍ എല്ലാവര്‍ക്കും പല കാര്യങ്ങളിലും പല മാതൃകകളും കാണിച്ച് തന്നിട്ടുള്ള വളരെ മനോഹരിയായിട്ടുള്ള ഒരു സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവുമുള്ള കുട്ടിയാണ് ഭാവന. ഭാവനയുടെ കൂടെ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷം” എന്നാണ് മഞ്ജു പറയുന്നത്.
അതേസമയം, ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. നടിമാരായ സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും ഇവരുടെ അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് സൗഹൃദം പുലര്‍ത്താനായി ഒന്നിച്ച് കൂടാറുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.