എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രമാണ് ‘പെരുന്തച്ചൻ’. തിലകൻ, പ്രശാന്ത്, മനോജ് കെ ജയൻ, മോനിഷ, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
കരിയറിൽ തുടക്കകാരനായ തനിക്ക് ചിത്രത്തിലെ വേഷം പ്രധാനപ്പെട്ടതായിരുന്നുവെന്നും ഒരു ദിവസം പെട്ടെന്നാണ് സിനിമയിലേക്ക് വിളിപ്പിച്ചതെന്നും മനോജ് കെ ജയൻ പറയുന്നു.
കൂടാതെ എംടിയാണ് എഴുതുന്നത് എന്ന് കേട്ടപ്പോൾ തന്നെ തനിക്ക് പേടിയായെന്നും മനോജ് കെ ജയൻ പറയുന്നു.
“ഒരു ദിവസം പെട്ടെന്നായിരുന്നു പെരുന്തച്ചനിലേക്ക് ഓഫർ വന്നത്. എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു. കാരണം ചെറിയ രണ്ട് വേഷങ്ങളായിരുന്നു ഇതിനു മുന്നേ ചെയ്തത്. പക്ഷേ കുമിളകൾ സിരീയലിലെ അഭിനയം കണ്ടാണ് അവർ എന്നെ വളിച്ചത് എന്ന് പറഞ്ഞു. ഉടനെ തന്നെ മംഗലാപുരത്തേക്ക് എത്താൻ പറഞ്ഞു. അങ്ങനെ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ അങ്ങോട്ട് പോകുന്നുത്. അവിടെ ഒരു മൂന്ന് ദിവസം എംടി സാറിനെ കാത്ത് ഇരുന്നു. സാർ വന്നു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്.
സാർ വന്നിട്ട് എന്റെ കാര്യം തീരുമാനിക്കാം എന്നായിരുന്നു. അവസാനം സാർ വരാൻ വൈകും എന്ന് വിളിച്ചു പറഞ്ഞതിനാൽ സംവിധായകൻ അജയനോട് തന്നെ കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചു. അങ്ങനെ എന്റെ കഥാപാത്രത്തെ തീരുമാനിക്കാൻ വേണ്ടി അന്ന് രാത്രി നെടുമുടി വേണു ചേട്ടനൊപ്പം ഒരു സീൻ ചെയ്ത് കാണിക്കാൻ ആവശ്യപ്പെട്ടു. നെടുമുടി വേണു, സംവിധായകൻ അജയൻ, അസോസിയേറ്റ് ഡയറക്ടർ ഉണ്ണി നാരായണനും ആ മുറിയിൽ ഉണ്ടായിരുന്നു.
Read more
അവിടുന്നാണ് എന്നെ സെലെക്ട് ചെയ്യുന്നത്. അന്ന് തന്നെ മുടി മൊട്ട അടിച്ചു ആ കഥാപാത്രത്തിനു വേണ്ടി തയ്യാറായി നിന്നു. പിറ്റേ ദിവസം രാവിലെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അങ്ങനെ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ എം.ടി സാർ ഇതൊക്കെ കണ്ടു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചത്. പേടിച്ച് പേടിച്ച് ആ സീൻ ചെയ്ത് തീർത്തു. ഉടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു എന്നിട്ട് എന്നെ അനുഗ്രഹിച്ചു. നല്ലൊരു കഥാപാത്രമാണ് ഇത് എന്നും നന്നായി ചെയ്യൂ എന്നും പറഞ്ഞ് അദ്ദേഹം പോയി.” എന്നാണ് മുൻപ്ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞത്.