IPL 2025: ടെൻഷൻ ജീവനുള്ള മനുഷ്യനെ തിന്നുതീർക്കും, സൂപ്പർതാരത്തിന് അപായ സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ധു; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

18 ആം സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുകയാണ്. രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 44 റൺസിന്റെ വിജയത്തോടെയാണ് 2016 ലെ ചാമ്പ്യന്മാരായ ടീം തങ്ങളുടെ തുടക്കം കുറിച്ചത്. എന്നിരുന്നാലും, അതിനുശേഷം അവർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരോട് പരാജയപ്പെട്ടു. കെകെആറിനെതിരെ 80 റൺസിന്റെ തോൽവിക്ക് ശേഷം, ഫ്രാഞ്ചൈസി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബാറ്റിംഗ് യൂണിറ്റ് ആദ്യ മത്സരത്തിന് ശേഷം ഇതുവരെ ഫോമിലേക്ക് ഉയർന്നില്ല എന്നുള്ളത് നിരാശക്ക് കാരണമാകുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരെപ്പോലുള്ളവർക്ക് താളം കണ്ടെത്താൻ സാധിക്കുന്നില്ല. ബാറ്റിംഗ് വിഭാഗത്തിൽ, പാറ്റ് കമ്മിൻസും മുഹമ്മദ് ഷാമിയും ആകട്ടെ സ്ഥിരത പുലർത്തുന്നതും ഇല്ല. ഇത് എല്ലാം കൂടി ചേരുമ്പോൾ ഹൈദരാബാദ് പതനം പൂർത്തിയാകുന്നു.

തുടർച്ചയായ തോൽവികൾ കാരണം ബുദ്ധിമുട്ടുന്ന ടീമിനെക്കുറിച്ച് സിദ്ധു പറഞ്ഞത് ഇങ്ങനെ: “ജീവനുള്ള ഒരാളെ പോലും ടെൻഷൻ തിന്നു കളയും. നിങ്ങൾക്കത് മനസ്സിലാകില്ല, പക്ഷേ പതനം വളരെ പെട്ടെന്ന് സംഭവിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിനെ നിസ്സാരമായി കാണരുത്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാൻമാർ അമിതമായി ആക്രമണകാരികളാകുകയാണ്. അവർ സാഹചര്യങ്ങളെ മാനിക്കേണ്ടതുണ്ട്. ഫ്രാഞ്ചൈസികൾക്ക് കഴിവുള്ള ഒരു പരിശീലക സംഘമുണ്ട്, ഈ സീസണിൽ അവർ ഹൈദരാബാദ് ബാറ്റ്‌സ്മാൻമാരെ നേരിടാൻ തങ്ങളുടെ താരങ്ങളെ ഒരുക്കുകയാണ്.

“കഴിഞ്ഞ സീസണിൽ എതിരാളികൾ അവരുടെ ബ്രാൻഡ് ക്രിക്കറ്റിന് തയ്യാറാകാത്തതിനാൽ അവർ അന്ന് ഫൈനൽ വരെ എത്തി. പക്ഷേ ഇപ്പോൾ അവരുടെ ബാറ്റ്‌സ്മാൻമാർ റൺസ് നേടുന്നത് തടയാൻ എന്തുചെയ്യണമെന്ന് അവർക്കറിയാം. പദ്ധതികൾ നടപ്പിലാക്കി എതിരാളി എത്തുമ്പോൾ ഹൈദരാബാദ് തകരുന്നു.” സിദ്ധു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.