ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരിൽ മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു പറഞ്ഞു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഒരു കാരണവശാലും കഴിഞ്ഞ തവണ സംഭവിച്ചത് പോലെ മുംബൈ ഇന്ത്യൻസ് ടൂർണമെന്റിൽ നിന്ന് പുറത്താകാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോടും ഗുജറാത്ത് ടൈറ്റൻസിനോടും തോറ്റതിന് ശേഷം, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർപ്പൻ ജയത്തോടെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം വിജയവഴിയിലേക്ക് തിരിച്ചുവന്നു.
ലഖ്‌നൗവിൽ ആതിഥേയരായ ഫ്രാഞ്ചൈസിയെ നേരിടുമ്പോൾ ടീം വിജയം തുടരാൻ ആഗ്രഹിക്കുന്നു. എൽഎസ്ജി ആകട്ടെ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയം ഒഴികെ, പഞ്ചാബ് കിംഗ്‌സിനും ഡൽഹി ക്യാപിറ്റൽസിനുമെതിരെ അവർ പരിപൂർണമായി പരാജയമായിരുന്നു.
സിദ്ധു പറഞ്ഞ വാക്കുകൾ ഇങ്ങനെ “വിരാട് കോഹ്‌ലി ടൂർണമെന്റിന്റെ ഹൃദയമിടിപ്പ് ആണ്, അതേസമയം മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആത്മാവാണ്. ഇപ്പോൾ നടക്കുന്ന സീസണിന് അവരുടെ പുറത്താകൽ താങ്ങാനാവില്ല. 18-ാം സീസണിൽ മുംബൈ ഇന്ത്യൻസ് കൂടുതൽ ദൂരം പോകേണ്ടത് ലീഗിന് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.
“ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ അവർ ശക്തരാകും. അദ്ദേഹം ഉടൻ തന്നെ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയുണ്ടായ പരിക്കിൽ നിന്ന് സ്പീഡ്സ്റ്റർ ഇതുവരെ മുക്തനായിട്ടില്ല. ബെംഗളൂരുവിലെ എൻസിഎയിലെ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഏപ്രിൽ രണ്ടാം വാരത്തിൽ അദ്ദേഹം തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.